കൊച്ചി : സംസ്ഥാനത്ത് കൊവിഡ് വാക്‌സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കുമെന്ന് ആരോഗ്യമന്ത്രി. വാക്‌സിനെടുക്കാത്തവരുടെ കണക്ക് ശേഖരിക്കാന്‍ ഫീല്‍ഡ് വര്‍ക്കര്‍മാരെ ചുമതലപ്പെടുത്തും. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ കൃത്യമായ ഇടവേളകളില്‍ വാക്‌സിനെടുക്കണം. കൊവിഡ് കുറഞ്ഞതോടെ രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ പലരും വിമുഖത കാണിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന കണക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. ഒന്നാം ഡോസ് വാക്‌സിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാക്കിവരില്‍ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തത്. കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലക്കാരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തതില്‍ അധികവുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ ആശങ്കയുയര്‍ത്തിക്കൊണ്ട് വലിയ വര്‍ധനയുണ്ടാകുന്നുണ്ട്. ജാഗ്രത വര്‍ധിപ്പിക്കേണ്ട ഈ സാഹചര്യത്തിലാണ് വാക്‌സിനോട് വലിയ വിഭാഗം ജനങ്ങള്‍ വിമുഖത കാണിക്കുന്നത്. മൂന്നാം തരംഗത്തിന് ശേഷം കൊവിഡ് കേസുകള്‍ കുറഞ്ഞെന്ന വിലയിരുത്തലിലാകാം പലരും രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ മടി കാണിച്ചതെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചിരുന്നത്. അതിനുശേഷം ഒമിക്രോണ്‍ വ്യാപനം ഉണ്ടായിട്ടുകൂടി രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ പലയാളുകളും മടിച്ചു എന്നത് ആരോഗ്യവകുപ്പിന്റെ കൂടി വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്.