പലരും നേരിടുന്ന ഒരു പ്രശ്നമാണ് വായ്പ്പുണ്ണ് അഥവ മൗത്ത് അള്‍സര്‍. വൈറ്റമിൻ കുറവ്, സിങ്ക് അടങ്ങിയ ഭക്ഷണം കഴിക്കാത്തത്, പ്രമേഹം, ഉറക്കക്കുറവ്, പല്ലുതേക്കുമ്പോള്‍ ബ്രഷ് കൊണ്ടുണ്ടാവുന്ന മുറിവ് എന്നിവ വായ്പ്പുണ്ണിന് കാരണമാവാം. ഇതിൽ നിന്നും രക്ഷ നേടാൻ ചൂടുവെള്ളവും തേനും മതി. ദിവസവും ചെറുചൂടുവെള്ളം വായില്‍ കൊള്ളുന്നത് വായ്പ്പുണ്ണ് മാറുന്നതിനു നല്ലതാണ്. അതുപോലെ ഉത്തമമാണ് ചൂടുവെള്ളത്തില്‍ അല്പം തേനും ഉപ്പും ചേര്‍ത്തിളക്കി വായില്‍ കൊള്ളുന്നതും. എരിവും അസിഡിറ്റിയുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. ബേക്കിംഗ് സോഡ വെള്ളത്തില്‍ ചാലിച്ച് മുറിവില്‍ പുരട്ടി 10 മിനിറ്റ് വെച്ച് കഴുകുന്നത് വായ്പ്പുണ്ണിന് ശമനമുണ്ടാക്കും. പൊതുവേ ഇത്തരത്തിലുള്ള വായിലെ അള്‍സര്‍ മറ്റ് ചികിത്സകളൊന്നും നടത്താതെ തന്നെ തനിയെ മാറുന്നതാണ്. വായ്പ്പുണ്ണ് അകറ്റാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഒന്ന്
ഉപ്പ് വെള്ളം വായില്‍ കൊള്ളുന്നത് വായ്പ്പുണ്ണ് അകറ്റാൻ സഹായിക്കും. അതിനാല്‍ വായ്പ്പുണ്ണ് ഉള്ളവര്‍ ഉപ്പിട്ട ഇളം ചൂടുവെള്ളം കൊണ്ട് ഇടയ്ക്കിടെ വായ് കഴുകുന്നതും ഗുണം ചെയ്യും.
രണ്ട്
തേനിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങളും വായ്പ്പുണ്ണിന് മികച്ചൊരു പ്രതിവിധിയാണ്. ഇതിനായി ദിവസവും വായ്പ്പുണ്ണിന്റെ മുകളിൽ അൽപം തേൻ പുരട്ടാവുന്നതാണ്.
മൂന്ന്
തൈരും ഇതിനുള്ള മികച്ച് പ്രതിവിധിയാണ്. ശരീരത്തിലുണ്ടാകുന്ന ഇൻഫ്ലമേഷൻ, ഇൻഫെക്ഷനൊക്കെ കുറയ്ക്കാൻ തൈര് സഹായകമാണ്. അതിനാല്‍ തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.
നാല്
നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയതാണ് തുളസി. ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുള്ള തുളസിയില വായിലിട്ട് ചവച്ചരച്ച് കഴിക്കുന്നത് വായിലെ അള്‍സര്‍ മാറാന്‍ സഹായിച്ചേക്കാം.
അഞ്ച്
വായ്പ്പുണ്ണ് മാറ്റാനുള്ള ഏറ്റവും മികച്ച പരിഹാര മാർഗങ്ങളിലൊന്നാണ് ഉലുവയില. ഇതിനായി ഒരു കപ്പ് വെള്ളമെടുത്ത് നന്നായി തിളപ്പിച്ച് അതിൽ കഴുകി വെച്ച ഉലുവ ഇലകൾ ഇട്ട് പത്ത് മിനിറ്റ് വേവിക്കുക. ശേഷം ഇത് കൊണ്ട് വായ കഴുകുന്നത് വായ്പ്പുണ്ണ് മാറാൻ ഏറെ സഹായിക്കും.
ആറ്
ആന്‍റിസെപ്റ്റിക്, ആന്‍റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള മഞ്ഞൾപ്പൊടി കുറച്ച് വെള്ളത്തിൽ കലക്കി വായ്പ്പുണ്ണിൽ പുരട്ടുക.
ഏഴ്
ശരീരത്തിൽ വിറ്റാമിൻ സി കുറവുള്ളവരിൽ മറ്റുള്ളവരെ അപേക്ഷിച്ച് വായ്പ്പുണ്ണ് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ വിറ്റാമിൻ സി ധാരാളം അടങ്ങി ഓറഞ്ച് പോലെയുള്ള ഡയറ്റില്‍ ഉള്‍പ്പെടുത്താം.
എട്ട്
വെളിച്ചെണ്ണയിലെ ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഫംഗൽ, ആന്റി വൈറൽ ഘടകങ്ങൾ വായ്പ്പുണ്ണിന് ശമനം നൽകും. ഇതിനായി ദിവസേന പലതവണകളായി വെളിച്ചെണ്ണ വായ്പ്പുണ്ണ് ബാധിച്ച ഭാഗത്ത് പുരട്ടുക.
ഒമ്പത്
കറ്റാർവാഴ ജ്യൂസ് ദിവസേന രണ്ട് നേരം വായ്പ്പുണ്ണ് ബാധിച്ച ഭാഗത്ത് പുരട്ടുന്നത് വായ്പ്പുണ്ണ് മൂലമുണ്ടാകുന്ന വേദന ശമിക്കാന്‍ സഹായിച്ചേക്കാം.