ഇവി ഇന്ത്യ എക്‌സ്‌പോ 2023-ന് ഇക്കഴിഞ്ഞ വ്യാഴാഴ്ച ഗ്രേറ്റര്‍ നോയിഡയില്‍ തുടക്കമായി. ഇന്ത്യന്‍ എക്‌സിബിഷന്‍ സര്‍വീസസുമായി സഹകരിച്ച് ഗ്രീന്‍ സൊസൈറ്റി ഓഫ് ഇന്ത്യയെന്ന് എന്‍ജിഒ ആണ് മൂന്ന് ദിവസത്തെ എക്‌സ്‌പോ നടത്തുന്നത്. വിവിധ കമ്പനികള്‍ അവരുടെ ഉല്‍പ്പന്നങ്ങള്‍ ഇവിടെ അവതരിപ്പിക്കുകയും ഇന്‍ഡസ്ട്രിക്ക് അകത്ത് തന്നെയുള്ള സാന്നിധ്യം വിപുലീകരിക്കാനും ലക്ഷ്യമിടുന്നു. ഇപ്പോള്‍ ഇവി ഇന്ത്യാ എക്സ്പോ 2023-ല്‍ വെച്ച് ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ വേഗ് ഓട്ടോമൊബൈല്‍സ് വളരെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് സ്‌കൂട്ടറായ S60 പുറത്തിറക്കി. 1.25 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ അവതരിപ്പിച്ച ഇലക്ട്രിക് സ്‌കൂട്ടര്‍ വേഗ് ഓട്ടോമൊബൈല്‍സിന്റെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ വഴി ഇപ്പോള്‍ രാജ്യത്ത് ലഭ്യമാണ്.
നികുതികള്‍ ഒഴികെയുള്ള വിലയാണിതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. മാറ്റ് ബ്ലാക്ക്, ലൈറ്റ് ഗ്രേ, വൈറ്റ്, ലൈറ്റ് ഗ്രീന്‍ എന്നിവയുള്‍പ്പെടെ നിരവധി സ്‌റ്റൈലിഷ് കളര്‍ ഓപ്ഷനുകളില്‍ ഇത് ലഭ്യമാണ്. ഇന്ത്യന്‍ റൈഡര്‍മാരെ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന S60 ലൈറ്റ്‌വെയിറ്റ് ഡിസൈനിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇതിന്റെ ഫലമായി തിരക്കേറിയ ട്രാഫിക്കിലൂടെ സഞ്ചരിക്കുന്നത് എളുപ്പമാക്കുന്നു. ഈ അത്യാധുനിക സ്‌കൂട്ടര്‍ റൈഡര്‍മാര്‍ക്ക് ഉയര്‍ന്ന പെര്‍ഫോമന്‍സും സൗകര്യവും വാഗ്ദാനം ചെയ്യുന്നു. AIS156 ഫേസ് 2 മാനദണ്ഡങ്ങള്‍ പാലിക്കുന്ന ശക്തമായ 3 KWh ബാറ്ററിയാണ് S60 ഇലക്ട്രിക് സ്‌കൂട്ടറിന് ഊര്‍ജ്ജം പകരുന്നത്.
ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 120 കിലോമീറ്ററിലധികം സഞ്ചരിക്കാന്‍ S60 ഇലക്ട്രിക് സ്‌കൂട്ടറിന് സാധിക്കും എന്നതിനാല്‍ തന്നെ സിറ്റി റൈഡിനും ദീര്‍ഘദൂര യാത്രക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താം. ഇന്ത്യന്‍ റൈഡര്‍മാരുടെ ആവശ്യങ്ങള്‍ ഫലപ്രദമായി നിറവേറ്റുക എന്നതാണ് ഈ ഇലക്ട്രിക് സ്‌കൂട്ടര്‍ കൊണ്ട് കമ്പനി ലക്ഷ്യമിടുന്നത്. ഈ ബാറ്ററി യൂണിറ്റ് ഷോക്ക് പ്രൂഫ്, ഫയര്‍ പ്രൂഫ്, വാട്ടര്‍ പ്രൂഫ് എന്നിങ്ങനെയാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മികച്ച റേഞ്ചിനൊപ്പം മികച്ച സുരക്ഷയും ഇതുവഴി ലഭിക്കുന്നു. ശക്തമായ 2.5 kW പീക്ക് മോട്ടോര്‍ ആണ് വേഗ് S60 ഇലക്ട്രിക് സ്‌കൂട്ടറിന്റെ ചാലകശക്തി. മണിക്കൂറില്‍ 75 കിലോമീറ്റര്‍ ആണ് ഈ ഇലക്ട്രിക് സ്‌കൂട്ടറിന്റെ പരമാവധി വേഗത.