പത്തനംതിട്ട : ഹരിതകേരളം മിഷനും കാര്‍ഷിക വികസന കര്‍ഷകക്ഷേമവകുപ്പും സംയുക്തമായി കുടുംബശ്രീയുടേയും ഹരിതകര്‍മ്മസേനയുടേയും സന്നദ്ധ പ്രവര്‍ത്തകരുടേയും സഹായത്തോടെ വീടുകളില്‍ പച്ചക്കറി ഗാര്‍ഹിക പച്ചക്കറി കൃഷി വ്യാപിക്കുന്നതിനായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി.
കളക്ടറേറ്റില്‍ പച്ചക്കറി തൈ വിത്തുകളുടെ ജില്ലാതല വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി ജില്ലാ ജില്ലാ കളക്ടര്‍ പി.ബി.നൂഹിനു പച്ചക്കറി തൈ നല്‍കി നിര്‍വഹിച്ചു. തുടര്‍ന്ന് ‘തുരത്താം കോവിഡിനെ വിതക്കാം ഈ മണ്ണില്‍’ എന്ന ഹാഷ് ടാഗ് ക്യാമ്പയിന്റെ ജില്ലാതല ലോഞ്ചിംഗ് ജില്ലാ കളക്ടര്‍ പി.ബി നൂഹ് നിര്‍വഹിച്ചു.
ഹരിതകേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ ആര്‍.രാജേഷ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എന്‍. ചന്ദ്രശേഖരന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്.സൈമ, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.വിധു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ സൂസന്‍ വര്‍ഗീസ്, സന്നദ്ധസേനയുടെ ജില്ലാ കോര്‍ഡിനേറ്റര്‍ ദേവിക ദാസ്, കൃഷി ഓഫീസര്‍ പ്രദീപ്, കുടുംബശ്രീ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍, ഹരിതകേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, യങ് പ്രൊഫഷണലുകള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോവിഡ് 19 ലോക് ഡൗണ്‍ ദിനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് ജില്ലയിലെ കൃഷി വിപുലപ്പെടുത്താനും വിഷരഹിത പച്ചക്കറികള്‍ വീട്ടില്‍ത്തന്നെ കൃഷിചെയ്യാനും ഹരിതകേരളം മിഷന്റെയും കൃഷി വകുപ്പിന്റെയും സംയുക്തമായ ആഭിമുഖ്യത്തില്‍ ‘തുരത്താം കോവിഡിനെ… വിതയ്ക്കാം ഈ മണ്ണില്‍’ എന്ന ഹാഷ് ടാഗ് ക്യാമ്പയിനിലൂടെ സാധിക്കുമെന്നും കോവിഡ് എന്ന മഹാമാരിയെ അതിജീവിക്കുന്ന കാലയളവില്‍ പുതിയ ഒരു സംസ്‌കാരം കെട്ടിപ്പടുക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.
പ്രവര്‍ത്തനങ്ങള്‍ ജില്ലയിലെ ഭക്ഷ്യസുരക്ഷയുടെ ഭാഗമാണെന്നും അതിജീവനത്തിന്റെ ഈ കാലം ഫലപ്രദമായി ഉപയോഗിക്കാന്‍ ഇതിലൂടെ എല്ലാവര്‍ക്കും കഴിയുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണ്ണാദേവി പറഞ്ഞു.
കൃഷി വകുപ്പിന്റെ ഫാം, വി.എഫ.്പി.സി.കെ എന്നിവ വഴി മൂന്നര ലക്ഷത്തോളം പച്ചക്കറി വിത്ത് പായ്ക്കറ്റുകളാണു ജില്ലയിലെ വീടുകളിലേക്കു നല്‍കുന്നതിനായി തയ്യാറാക്കിയിരിക്കുന്നത്. കുടുംബശ്രീ, സന്നദ്ധ പ്രവര്‍ത്തകര്‍, ഹരിതകര്‍മ്മസേന അംഗങ്ങള്‍ എന്നിവരിലൂടെയാണു പച്ചക്കറി വിത്ത് പായ്ക്കറ്റുകള്‍ വീടുകളില്‍ എത്തിക്കുന്നത്. ജനറല്‍ അയല്‍ക്കൂട്ടം ഉള്‍പ്പെടെ 10163 അയല്‍ക്കൂട്ടങ്ങളാണു ജില്ലയിലുള്ളത്. ഹരിത കേരളം മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍, സന്നദ്ധ സംഘടനാ വോളന്റിയര്‍മാര്‍ എന്നിവര്‍ പ്രവര്‍ത്തനം നിയന്ത്രിക്കും.