പത്തനംതിട്ട : കോവിഡ് 19 വൈറസിനെ തുടര്‍ന്ന് സവാള ഉള്‍പ്പടെയുള്ള പച്ചക്കറികള്‍ക്കും കുപ്പിവെള്ളത്തിനും മറ്റും അമിതവില ഈടാക്കുന്നതായി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ വിവിധ താലൂക്കുകളില്‍ 56 പച്ചക്കറിക്കടകളിലും 31 പലചരക്കുകടകളിലും മിന്നല്‍ പരിശോധന നടത്തി. വിലവിവരം പ്രദര്‍ശിപ്പിക്കാത്തതിനും പര്‍ച്ചേസ് ബില്ല് സൂക്ഷിക്കാത്തതിനും 12 പച്ചക്കറിക്കടകള്‍ക്കെതിരെയും ഒരു പലചരക്ക് കടയ്‌ക്കെതിരേയും കേസെടുത്തു.
ജില്ലാ കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണു പരിശോധനകള്‍ നടത്തിയത്. ഓമല്ലൂര്‍, പത്തനംതിട്ട നഗരസഭ പ്രദേശങ്ങളിലായി 10 പച്ചക്കറി കടകളിലാണു പരിശോധന നടന്നത്. നാലുകേസും ഇവിടെ എടുത്തിട്ടുണ്ട്. വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത വ്യാപാരികളാണ് ഇതില്‍ കൂടുതലും. പ്രദേശത്തെ കടകളില്‍ സവാളയ്ക്ക് 35-40 രൂപവരെ ശരാശരി വിലയുണ്ട്. എല്ലാ കടകളിലും പര്‍ച്ചേസ് ബില്ലുകള്‍ സൂക്ഷിക്കണമെന്നും പരിശോധനയ്ക്കു ഹാജരാക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
വിലവിവര പട്ടിക വ്യക്തമായി വായിക്കാവുന്ന രീതിയില്‍ എല്ലാവര്‍ക്കും കാണാവുന്ന സ്ഥലത്തുതന്നെ കടയില്‍ പ്രദര്‍ശിപ്പിക്കണം. 50 രൂപയ്ക്ക് സവാള വില്‍ക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതോ പൂഴ്ത്തിവയ്‌പോ ശ്രദ്ധയില്‍പ്പെട്ടാല്‍ 1955-ലെ അവശ്യസാധന നിയമമനുസരിച്ച് മുമ്പുണ്ടായിട്ടില്ലാത്ത രീതിയിലുള്ള കര്‍ശനശിക്ഷാനടപടികള്‍ നേരിടേണ്ടിവരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പരാതികള്‍ ജില്ലാ സപ്ലൈ ഓഫീസിലെ 0468 2222612 എന്ന നമ്പറിലോ അതത് പ്രദേശത്തെ താലൂക്ക് സപ്ലൈ ഓഫീസുകളിലോ വിളിച്ചറിയിക്കാം.