കൊച്ചി : പുതിയ വാഹന പൊളിക്കല്‍ നയം വാഹന വിപണയില്‍ വിപ്ലവകരമായ മുന്നേറ്റങ്ങള്‍ ഉണ്ടാക്കുമെന്ന് വിദഗ്ധര്‍. വന്‍ നിക്ഷേപം, തൊഴിലവസരങ്ങള്‍ എന്നിവയ്ക്ക് പുറമേ ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ ഡിമാന്‍ഡ് വര്‍ധിക്കാനും പുതിയ തീരുമാനം ഇടയാക്കും.
കേന്ദ്ര സര്‍ക്കാറിന്‍റെ പുതിയ പൊളിക്കല്‍ നയം വിപണിയില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. കൊമേഴ്സയല്‍ വാഹനങ്ങള്‍ 15 വര്‍ഷവും സ്വകാര്യ വാഹനങ്ങള്‍ 20 വര്‍ഷവും കഴിഞ്ഞ് ഉപയോഗിക്കാന്‍ കഴിയില്ല എന്നതാണ് പുതിയ നയം. ഫിറ്റ്നസ് കടമ്പ കടന്നില്ലെങ്കില്‍ പൊളിച്ചു കളയണം. ഇതോടെ സാങ്കേതികത്തികവുള്ള ന്യൂ ജനറേഷന്‍ വാഹനങ്ങള്‍ കൂടുതലായി നിരത്തിലിറങ്ങാനുള്ള വഴി തുറക്കുകയാണെന്ന് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നു. വാഹനവിപണിക്ക് ഇത് കരുത്ത് പകരും.
പഴയ വാഹനങ്ങള്‍ പൊളിക്കുമ്പോള്‍ ഇന്‍സന്‍റീവും നികുതി ഇളവുകളും നല്‍കുന്നത് കൂടുതല്‍ പ്രോല്‍സാഹനമാകും. സ്ക്രാപ്പിംഗ്, ഫിറ്റ്നസ് സെന്‍റര്‍, പരിശീലനം എന്നീ മേഖലകളിലുണ്ടാകുന്ന വലിയ തേതിലുള്ള നിക്ഷേപവും തൊഴിലവസരങ്ങളുമാണ് മറ്റൊന്ന്. ചുരുങ്ങിയത് പതിനായിരം കോടി രൂപയുടെ നിക്ഷേപം ഈ മേഖലകളിലായി ഉണ്ടാകുമെന്ന് വ്യവസായ ലോകം കണക്ക് കൂട്ടുന്നു. പൊളിക്കുമ്പോഴുണ്ടാകുന്ന അവശിഷ്ടങ്ങളുടെ പുനഃസംസ്കരണവും പ്രധാനമാണ്. വിദേശത്ത് റോഡ് നിര്‍മാണത്തിന് ഉള്‍പ്പെടെ ഇവ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലും വലിയ സാധ്യതകളാണ് ഇത് തുറന്നിടുന്നത്.