കൊല്ലം : മോട്ടോര്‍ വാഹന നിയമ ലംഘകര്‍ക്കുള്ള പിഴത്തുക കുത്തനെ ഉയര്‍ത്തിയതോടെയും പരിശോധനകള്‍ പൂര്‍ണമായും ഡിജിറ്റല്‍ രീതിയിലേക്കു മാറിയതിനാലും സര്‍ട്ടിഫിക്കറ്റിനായി പുക പരിശോധന കേന്ദ്രങ്ങളില്‍ വന്‍ തിരക്ക്. സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഏതുതരം വാഹനമായാലും രണ്ടായിരം പോയതുതന്നെ.
പുക സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനു തുച്ഛമായ തുക നല്‍കേണ്ടിടത്ത് പിഴയായി വലിയ തുക അടക്കേണ്ടി വരുന്നതിനാലാണിത്.
ബിഎസ് 4 (ഭാരത് സ്റ്റേജ് എമിഷന്‍ നോംസ്) മുതലുള്ള വാഹനങ്ങള്‍ക്കു ഒരു വര്‍ഷത്തെ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ നല്‍കുന്നത്. എന്നാല്‍ ബിഎസ് 3 വാഹനങ്ങള്‍ക്ക് ആറുമാസത്തെ കാലാവധിയുള്ള സര്‍ട്ടിഫിക്കറ്റ് മാത്രമേ ലഭിക്കുകയുള്ളൂ. പുതിയ വാഹനങ്ങള്‍ക്കു ഒരു വര്‍ഷം കഴിയുമ്പോള്‍ മുതല്‍ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മോട്ടര്‍ വാഹന എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം ജില്ലയില്‍ നടത്തുന്ന പരിശോധനകളില്‍ ഒരു മാസം പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത നൂറോളം വാഹനങ്ങള്‍ക്കു പിഴ ചുമത്താറുണ്ടെന്നു എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ ഡി.മഹേഷ് പറഞ്ഞു.