ന്യൂഡല്‍ഹി : വാഹന രജിസ്ട്രേഷനില്‍ വന്‍ പരിഷ്കാരവുമായി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനാന്തര വാഹന രജിസ്ട്രേഷന്‍ ഒഴിവാക്കാന്‍ ‘ഭാരത് സീരീസ് ‘ എന്ന പേരില്‍ രാജ്യമാകെ ഏകീകൃത സംവിധാനവുമായാണ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് മന്ത്രാലയം രംഗത്തുവന്നിരിക്കുന്നത്. ബിഎച്ച് രജിസ്‌ട്രേഷനുള്ള ഒരു വാഹനം ഒരു സംസ്ഥാനത്ത് നിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുമ്പോള്‍ റീ രജിസ്‌ട്രേഷന്‍ നടത്തേണ്ടതില്ല എന്നതാണ് ഇതിന്റെ ഗുണം.
രജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്തിന് പുറത്ത് വാഹനം 12 മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന പ്രതിസന്ധി വാഹനമുടമകള്‍ക്ക് ഈ പരിഷ്കാരത്തോടെ ഒഴിവാക്കാന്‍ സാധിക്കും. നിലവിലെ സാഹചര്യത്തില്‍ ഒരു വാഹനം വാങ്ങിയാല്‍ ആ വാഹനം വാങ്ങിയ സംസ്ഥാനത്തിന് പുറത്ത് ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഒരുപാടുണ്ട്. ഏതു സംസ്ഥാനത്താണോ വാഹനം ആദ്യം റജിസ്റ്റര്‍ ചെയ്തത് അവിടെനിന്നുള്ള എന്‍ഒസി സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്. ആദ്യം വാഹനം റജിസ്റ്റര്‍ ചെയ്ത സംസ്ഥാനത്ത് നിന്ന് നികുതി റീഫണ്ട് ചെയ്യുകയും മറ്റ് സ്ഥലത്തു തിരിച്ചടയ്ക്കുകയും ചെയ്യണം. ഈ പ്രക്രിയകള്‍ ഏറെ ബുദ്ധിമുട്ടാണ് ആളുകള്‍ക്ക് സൃഷ്ടിച്ചിരുന്നത്.
ഇതിനു പകരമായാണ് ‘ഭാരത് സീരീസ് ‘ എന്ന പേരില്‍ പുതിയ വാഹന രജിസ്ട്രേഷന്‍ സംവിധാനം കൊണ്ടുവരുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, സൈനിക – സുരക്ഷ ഉദ്യോഗസ്ഥര്‍ നാലോ അതില്‍ കൂടുതലോ സംസ്ഥാനങ്ങളില്‍ ഓഫീസുകളുള്ള സ്വകാര്യ കമ്പിനികളിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്ക് ഭാരത് രജിസ്ട്രേഷനായി അപേക്ഷിക്കുന്നതിന് മുന്‍ഗണന ലഭിക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്. സ്ഥലം മാറി പോകുന്ന ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും വലിയ തലവേദന സൃഷ്ടിക്കുന്നതായിരുന്നു നിലവിലെ രജിസ്‌ട്രേഷന്‍ സംവിധാനം.
ബിഎച്ച് രജിസ്‌ട്രേഷനുള്ള ഒരു വാഹനത്തിന് ഉടമ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് മാറുമ്പോള്‍ ഇത്തരം റീ രജിസ്‌ട്രേഷന്‍ ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കേണ്ടതില്ലെന്നാണ് ഉപരിതല ഗതാഗത മന്ത്രാലയം പറയുന്നത്. ബിഎച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ ഓണ്‍ലൈനില്‍ തന്നെ ലഭ്യമാകും. വാഹന നികുതി രണ്ട് വര്‍ഷത്തേക്കോ രണ്ടിന്റെ മടങ്ങുകളോ ആയിട്ടായിരിക്കും ഈടാക്കുക. 14 വര്‍ഷം പൂര്‍ത്തിയാക്കിയ വാഹനത്തിനുള്ള നികുതി വര്‍ഷം തോറും മുമ്പ് ഈടാക്കിയിരുന്ന തുകയുടെ പകുതിയായിരിക്കും നല്‍കേണ്ടി വരിക.
ഭാരത് സീരിസില്‍ വാഹന രജിസ്ട്രേഷന്‍ നമ്പറിന് വ്യത്യാസമുണ്ടാക്കും. വാഹനം വാങ്ങിയ വര്‍ഷത്തിലെ അവസാന രണ്ടക്കങ്ങള്‍, ബി,എച്ച് (B,H)എന്നീ അക്ഷരങ്ങള്‍, നാല് അക്കങ്ങള്‍, ഇംഗ്ലീഷ് അക്ഷരമാലയിലെ രണ്ട് അക്ഷരങ്ങള്‍ എന്നിവയടങ്ങിയതാവും രജിസ്ട്രേഷന്‍ നമ്പര്‍. നിലവില്‍ സംസ്ഥാനങ്ങളുടെ ചുരുക്കപ്പേര് ഉപയോഗിച്ചാണ് വാഹന രജിസ്ട്രേഷന്‍ നടത്തുന്നത്. നിലവിലുള്ള വാഹനങ്ങള്‍ക്ക് ഭാരത് രജിസ്ട്രേഷനിലേക്ക് മാറ്റണമോ എന്നതിനെക്കുറിച്ച് ഉപരിതല ഗതാഗതമന്ത്രാലയം വിശദമായ വിജ്ഞാപനം പുറപ്പെടുവിക്കും.