പത്തനംതിട്ട: പത്തനംതിട്ട നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ രാത്രികാല പരിശോധനയിൽ കക്കൂസ് മാലിന്യം വഴിയരികിൽ തള്ളാൻ ശ്രമിച്ച ടാങ്കർ ലോറികൾ പിടികൂടി. നഗരത്തിൽ കണ്ണങ്കര, വലഞ്ചുഴി എന്നിവിടങ്ങളിൽ നിന്നാണ് നിറയെ കക്കൂസ് മാലിന്യവുമായി കെ എൽ 58 ഇ 1028, കെ എൽ 10 എ ജെ 1724 എന്നീ നമ്പരുകളിൽ ഉള്ള ടാങ്കർ ലോറികൾ പിടികൂടിയത്. കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കുന്നതിന് വാഹനങ്ങൾ പത്തനംതിട്ട പോലീസിന് കൈമാറിയി.
നഗരസഭ ഹെൽത്ത് സൂപ്പർവൈസർ വിനോദ് എം പി യുടെ നേതൃത്വത്തിൽ നടന്ന പരിശോധയിൽ ഹെൽത്ത് ഇൻസ്പെക്ടർ സതീഷ് എസ്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ദീപു രാഘവൻ, കണ്ടിജന്റ് സ്ഥിരജീവനക്കാരായ ദിനേശ്, നിസ്സാം, സതീഷ്, താത്ക്കാലിക ഡ്രൈവർമാർ തുടങ്ങിയവർ പങ്കെടുത്തു. 28ന് വൈകുന്നേരം 7-30 ന് ആരംഭിച്ച പരിശോധന പിറ്റേന്ന് പുലർച്ചെ 5-30 വരെ നീണ്ടു നിന്നു. പരിശോനയ്ക്കിടെ പഴയ ബസ്റ്റാൻഡ് പരിസരത്തും കടമ്മനിട്ട റോഡിലുമായി അനധികൃതമായി മത്സ്യ വില്പന നടത്തിയ കെ എൽ 02 എ എഫ് 3550, കെഎം 31-കെ 7725 എന്നീ നമ്പരുകളിൽ ഉള്ള ഗുഡ്സ് ഓട്ടോറിക്ഷകളും പിടിച്ചെടുത്തിട്ടുണ്ട്.
പരിശോധനയിൽ കശാപ്പ് നടത്തുന്നതായി കണ്ടെത്തിയ അലങ്കാരത്ത് നിസാറിന്റെ അനധികൃത കശാപ്പ് ശാലയിൽ നിന്നും ഏകദേശം 80 കിലോയോളം മാംസം പിടികൂടി നശിപ്പിച്ചു. അഞ്ചക്കാലയിലുള്ള കൈലിയ റെസ്റ്റോറന്റിൽ നിന്നും നിരോധിത പ്ലാസ്റ്റിക് പിടികൂടി. നഗരസഭാ പ്രദേശത്ത് തോടുകളിലും പാടങ്ങളിലും കക്കൂസ് മാലിന്യം തള്ളുന്ന പ്രവണതയും അനധികൃത കശാപ്പും വർദ്ധിച്ചു വരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തിയതെന്നും രാത്രികാല പരിശോധന തുടരുമെന്നും അനധികൃത കശാപ്പ് ശാലകൾ അടച്ചുപൂട്ടുന്നതിന് നടപടി സ്വീകരിക്കുമെന്നും നഗരസഭാ ആരോഗ്യകാര്യ സ്ഥിരംസമിതി ചെയർമാൻ ജെറി അലക്സ് അറിയിച്ചു.