വെള്ളനാട് : പഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലക്സ് ബോർഡിൽ നിന്ന് ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി സ്വന്തം ചിത്രം വെട്ടി മാറ്റി. തന്റെ അനുവാദം ഇല്ലാതെ പരിപാടിയുടെ നോട്ടിസിൽ പേരും വച്ചതും ഫ്ലക്സ് ബോർഡിൽ ചിത്രം വെച്ചതും ആണ് ശശിയെ ചൊടിപ്പിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. പഞ്ചായത്ത് ഓഫിസിന് മുന്നിലും വെള്ളനാട് ജംക്‌ഷനിലും സ്ഥാപിച്ച ബോർഡുകളിൽ നിന്നാണ് ചിത്രം വെട്ടി മാറ്റിയത്. പരിപാടിയിൽ ശശി പങ്കെടുത്തതുമില്ല.
മുൻപ് കിടങ്ങുമ്മൽ സബ് സെന്ററിൽ ആദ്യം ഉദ്ഘാടനം നടത്തിയെന്ന് കാണിച്ച് ശശി സ്ഥാപിച്ച ശിലാഫലകം മാറ്റി പഞ്ചായത്ത് വീണ്ടും ഉദ്ഘാടനം നടത്തി ശിലാഫലകം സ്ഥാപിച്ചിരുന്നു. ഈ ശിലാഫലകം ശശി തകർത്തതിനെതുടർന്ന് കേസാവുകയും ശശി റിമാൻഡിലാവുകയും ചെയ്തിരുന്നു. വെള്ളനാട് ശശിയുടെ പാർട്ടിയായ കോൺഗ്രസ് ആണ് പഞ്ചായത്ത് ഭരണസമിതിയും. അതേസമയം പഞ്ചായത്ത് കമ്മിറ്റിയുടെ അംഗീകാരത്തോടെയും കോൺഗ്രസ് മേൽഘടകത്തിന്റെയും അനുവാദത്തോടെയും ആണ് പരിപാടി സംഘടിപ്പിച്ചത് എന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ പറഞ്ഞു.