തിരുവനന്തപുരം: പി.സി ജോർജിന്റെ ലൗ ജിഹാദ് പരാമർശം ബിജെപിയെ സുഖിപ്പിക്കാൻ വേണ്ടിയാണെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഈഴവർ തെണ്ടികൾ ആണെന്ന് ഒരു കാലത്ത് പറഞ്ഞയാളാണ് പി.സി ജോർജെന്നും ആർക്കും വേണ്ടാത്തവർ അടിഞ്ഞുകൂടുന്ന സ്ഥലമാണ് ബിജെപിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ‘മോഹഭംഗം വന്ന ഒരുപാട് പേർ ബിജെപിയിൽ ഉണ്ട്. അവർ സഹകരിച്ച് ഇല്ലെങ്കിൽ മുന്നോട്ടു പോകാൻ ബുദ്ധിമുട്ടായിരിക്കും. ക്രിസ്ത്യൻ സമൂഹത്തിലുള്ള എത്രയോ പേരെ കേന്ദ്രമന്ത്രിമാർ ആക്കി’.
‘പി.സി ജോർജിനെയടക്കം കൊണ്ടുവന്നു. പി.സി ജോർജിന്റെ കൂടെ ഒരു മരപ്പട്ടി പോലുമില്ല. ക്രിസ്ത്യാനികളെ കൂട്ടിക്കൊണ്ടുവരാൻ കഴിവുള്ള വ്യക്തിയല്ല. ആകെ കൂടെയുള്ളത് മകൻ മാത്രമാണ്. അടുത്തവട്ടം ഇടതുപക്ഷം ഭരിക്കും. അത് ഇടതുപക്ഷത്തിന്റെ ഗുണം കൊണ്ടല്ല യുഡിഎഫിന്റെ ദോഷം കൊണ്ടാണ്. കോൺഗ്രസിൽ യോജിപ്പില്ല. അഞ്ചുപേർ മുഖ്യമന്ത്രിയാകാൻ തയ്യാറെടുത്തിരിക്കുന്നു’ എന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.