കോഴിക്കോട്: വെള്ളിമാട്കുന്ന് ബാലമന്ദിരത്തില്‍ നിന്ന് കാണാതായ നാല് കുട്ടികളില്‍ മൂന്ന് പേരെ കണ്ടെത്തി. കോഴിക്കോട് സ്വദേശികളായ കുട്ടികളെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നാണ് കണ്ടെത്തിയത്. ഇവര്‍ക്കൊപ്പം കാണാതായ യുപി സ്വദേശിയെ കണ്ടെത്താനായിട്ടില്ല. ഏറനാട് എക്‌സ്പ്രസ് കയറിയാണ് കുട്ടികള്‍ നാടുവിടാന്‍ ശ്രമിച്ചത്. കോഴിക്കോട്ടെ കൂട്ടുകാരെ ഫോണില്‍ വിളിച്ചതോടെയാണ് വിവരമറിഞ്ഞത്. 15,16 വയസ് പ്രായമുള്ള നാല് ആണ്‍കുട്ടികളെയാണ് ഇന്നലെ രാത്രിയോടെ കാണാതായത്. ശുചിമുറിയുടെ ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ പുറത്ത് കടന്നത്.
അതേസമയം നാല് കുട്ടികളും രക്ഷപ്പെട്ടത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് മെഡിക്കല്‍ കോളേജ് എസിപി കെ സുദര്‍ശന്‍ പറഞ്ഞു . മുമ്പ് അന്തേവാസികളായി ഉണ്ടായിരുന്ന രണ്ട് പേരുടെ സഹായം ഇവര്‍ക്ക് ലഭിച്ചു. ശുചിമുറിയുടെ വെന്റിലേഷന്‍ ഗ്രില്‍ തകര്‍ത്താണ് കുട്ടികള്‍ രക്ഷപ്പെട്ടത്. സിസിടിവിയില്‍ ആറു പേരുടെ ദൃശ്യങ്ങള്‍ ഉണ്ട്. ഇന്നലെ രാത്രി 8:45 ഓടെയാണ് ഗ്രില്ലുകള്‍ തകര്‍ത്തത്. രാത്രി 11 മണിയോടെയാണ് കുട്ടികള്‍ പുറത്ത് കടന്നത്.