കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോലയില്‍ വീടിന് നേരെ ആക്രമണം. വീട്ടിലേക്ക് സ്ഫോടക വസ്തു എറിയുകയായിരുന്നു. ആക്രമണത്തില്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ് കത്തി നശിച്ചു. വെങ്ങോല ചെമ്പാരത്തുകുന്ന് പളളിക്ക് സമീപം താമസിക്കുന്ന ഏലവുംകുടി സുധീറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വീടിന്റെ ജനല്‍ ചില്ലുകളും തകര്‍ന്നു. വീടിന്റെ മുന്‍വശം നിറയെ കരിയും പുകയും നിറഞ്ഞ നിലയിലായിരുന്നു.
കൂടാതെ സ്ഫോടകവസ്തുവിന്റെ അവശിഷ്ടങ്ങളും ചിതറിക്കിടപ്പുണ്ട്. സിറ്റൗട്ടില്‍ മുളകുപൊടിയും വിതറിയിരുന്നു. തോട്ടയാണ് എറിഞ്ഞതെന്നാണ് സംശയിക്കുന്നത്. സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കുകയാണെന്നും പോലീസ് അറിയിച്ചു.