തിരുവനന്തപുരം : വെഞ്ഞാറമൂട് രണ്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന് എഫ്.ഐ.ആര്‍. മുഖ്യപ്രതി സജീവന്‍ ഉള്‍പ്പെടെ ഒമ്പത് പേര്‍ ഇതിനകം കസ്റ്റഡിയിലായി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. മൂന്നു പേര്‍ കൂടി ഒളിവിലാണെന്നും പോലീസ് പറയുന്നു. അതേസമയം വെമ്പായം പഞ്ചായത്തില്‍ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കു നേരെയുണ്ടായ വ്യാപകമായ അക്രമത്തില്‍ പ്രതിഷേധിച്ച് വെമ്പായം പഞ്ചായത്തില്‍ ഇന്ന് യു.ഡി.എഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.
കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസിലെ ഉന്നത നേതൃത്വത്തിന്റെ ഗൂഢാലോചന സി.പി.എം ആരോപിക്കുമ്പോള്‍ പാര്‍ട്ടി ബന്ധമില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഗുണ്ടാ കുടിപ്പകയാണെന്നും ഭരണപരാജയം മറക്കാനുള്ള സിപിഎമ്മിന്റെ പ്രചാരണമാണെന്നുമാണ് കോണ്‍ഗ്രസിന്റെ നിലപാട്.
ഡി.വൈ.എഫ്.ഐ കലിങ്ങിന്‍ മുഖം യൂണിറ്റ് പ്രസിഡന്റായിരുന്നു കൊല്ലപ്പെട്ട ഹഖ് മുഹമ്മദ്. തേവലക്കാട് യൂണിറ്റ് സെക്രട്ടറിയായിരുന്ന മിഥിരാജ്. ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തുണ്ടായ സംഘര്‍ഷത്തിലെ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് റിപ്പോര്‍ട്ട്. മേയ് മാസത്തില്‍ ഒരു ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതികളായ ഇവര്‍ കഴിഞ്ഞ മാസമാണ് ജയിലില്‍ നിന്നിറങ്ങിയത്.