തിരുവനന്തപുരം : വെഞ്ഞാറമൂട് ഇരട്ടക്കൊലപാതക കേസില്‍ അസാധാരണ നടപടിയുമായി പോലീസ്. പുലര്‍ച്ചെയാണ് മുഖ്യപ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണമായിരുന്നു പുലര്‍ച്ചെ തെളിവെടുപ്പ് നടത്തിയത്.
പുലര്‍ച്ചെ രണ്ടുമണിയോടെയാണ് പ്രതികളെ തേമ്പാമൂട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കനത്ത സുരക്ഷയൊരുക്കിയാണ് തെളിവെടുപ്പ് നടന്നത്. അജിത്, ഷജിത്, അന്‍സര്‍ എന്നിവരെയാണ് തെളിവെടുപ്പിനു കൊണ്ടുവന്നത്.
വെള്ളിയാഴ്ചയാണ് പ്രതികളുടെ തെളിവെടുപ്പ് വെച്ചിരുന്നത്. എന്നാല്‍ കൊലപാതകം നടന്ന സ്ഥലത്ത് ഡി.വൈ.എഫ്.ഐ. സംസ്ഥാന നേതാക്കള്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിയുള്ളതിനാല്‍ തെളിവെടുപ്പ് മാറ്റിവെച്ചു. കൊലനടന്ന തേമ്പാംമൂട് കവല, ഗൂഢാലോചന നടന്ന മുത്തിക്കാവ് ഫാം ഹൗസ്, മാങ്കുഴി, ആയുധങ്ങള്‍കൊണ്ടു വന്ന സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് തെളിവെടുപ്പ് നടത്തിയത്. കൊലപാതകം നടത്തിയിട്ട് സജീവും ഉണ്ണിയും ഒരേ സ്‌കൂട്ടറില്‍ മുളങ്കാട് മാങ്കുഴി ഭാഗത്തേക്കു രക്ഷപ്പെട്ടു.
അതുവഴി നെടുമങ്ങാട് കയറി തമിഴ്‌നാട്ടിലേക്കു പോകാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. എന്നാല്‍ മാങ്കുഴിയില്‍ വച്ച് പെട്രോള്‍ തീര്‍ന്ന് വാഹനംനിന്നു. ഇവര്‍ക്ക് പെട്രോള്‍ വാങ്ങിക്കൊടുത്ത രണ്ടുപേരെയും പോലീസ് പിടികൂടിയിരുന്നു. ഇതില്‍ ഒരാള്‍ സംഭവങ്ങള്‍ ഒന്നുമറിയാതെയാണ് പെട്രോള്‍ വാങ്ങാന്‍പോയത്. അദ്ദേഹത്തെ പിന്നീട് പോലീസ് വിട്ടയച്ചു. സജീവും സനലും ഈ സ്‌കൂട്ടറില്‍ മദപുരത്ത് എത്തി. അവിടെനിന്നു ജില്ല വിട്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇരുവരും പിടിയിലായത്.
27-ന് സജീവ് സഞ്ചരിച്ച ഓട്ടോറിക്ഷയില്‍ ഹക്ക് മുഹമ്മദും സംഘവും തടികൊണ്ട് അടിച്ചതാണ് തിരിച്ചടി നല്‍കാന്‍ കാരണമായത് എന്ന മൊഴിതന്നെയാണ് പ്രതികള്‍ ആവര്‍ത്തിക്കുന്നത്. പ്രതികാരം ചെയ്യണമെന്നു തീരുമാനിച്ചതുകൊണ്ടാണ് പോലീസില്‍ അന്ന് കേസ് കൊടുക്കാതിരുന്നതെന്നും പ്രതികള്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. സംഭവം നടക്കുന്ന ദിവസം രാവിലെ മുത്തിക്കാവ് ഫാം ഹൗസില്‍ ഇരുന്നാണ് ഒരുക്കങ്ങള്‍ നടത്തിയത്. അന്ന് രാത്രി സനലിന്റെ വീട്ടുപരിസരത്തിരുന്നും അവസാന ഗൂഢാലോചന നടത്തി. പ്രതികളുടെയും കൊല്ലപ്പെട്ടവരുടെയും ഫോണ്‍വിളി സംബന്ധിച്ച അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.