പത്തനംതിട്ട : വെട്ടിപ്രം-കൊന്നമൂട് റോഡും ഇതിനോട് ചേർന്നുള്ള വലിയ തോടും നഗരസഭയുടെ തുടർച്ചയായുള്ള അവഗണന കാരണം മോശാവസ്ഥയിലായി. പത്തനംതിട്ട നഗരസഭയുടെ കീഴിലുള്ള നാലും അഞ്ചും വാർഡുകൾ ഉൾപ്പെടുന്നതും കടമ്മനിട്ട റോഡിനോട് ചേർന്ന് വെട്ടിപ്പുറം റിങ്റോഡ് സർക്കിളിൽ ഉള്ളതാണ് വെട്ടിപ്പുറം-കൊന്നമൂട് റോഡ്. കോൺക്രീറ്റ് ചെയ്ത ഭാഗം മിക്കയിടത്തും പൊളിഞ്ഞിളകിയിട്ടുണ്ട്. നാലരമീറ്റർ വീതിയുള്ള റോഡിനോടുചേർന്നുള്ള ഏകദേശം അത്രതന്നെ വീതിയുള്ള തോടിന്റെ സ്ഥിതിയും വളരെ മോശമാണ്.
തോടിന്റെ പലഭാഗത്തും തിട്ടകൾ ഇടിഞ്ഞുകിടക്കുകയാണ്. കൂടാതെ തോടുകളിൽ മണ്ണ് അടിഞ്ഞ് വെള്ളത്തിന്റെ ഒഴുക്കിനെ കാര്യമായി ബാധിച്ചിട്ടുണ്ട്. തോട്ടിലെ മണ്ണ് മാറ്റുന്നതിനായി പലതവണ അധികൃതരെ കണ്ടിരുന്നെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. സമീപത്തുള്ള ഒരു സ്വകാര്യവസ്തുവിന്റെ ഉടമസ്തർ തോട്ടിലേക്ക് ഇറക്കി മതിൽ കെട്ടിയത് വെള്ളത്തിന്റെ സ്വാഭാവിക ഒഴുക്കിനെ ബാധിച്ചതായി നാട്ടുകാർ ആരോപിച്ചു. പരാതികളുടെ അടിസ്ഥാനത്തിൽ നഗരസഭയിലേക്ക് വകുപ്പുകളിൽനിന്ന് നിർദേശം നൽകിയിട്ടും അധികൃതർ നടപടിയെടുത്തിട്ടില്ല. പത്തനംതിട്ട മാസ്റ്റർ പ്ളാനിൽ ഉൾപ്പെടുത്തി ഈ റോഡ് വിപുലീകരിക്കണമെന്നതാണ് പ്രദേശവാസികളുടെ ആവശ്യം.