തിരുവല്ല : അപ്പർകുട്ടനാട്ടിലെ പെരിങ്ങര, നെടുമ്പ്രം ഗ്രാമപ്പഞ്ചായത്തുകളിലായി 350 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന കോടങ്കേരി പാടശേഖരത്തിൽ ഇത്തവണ നെൽകൃഷി പ്രതിസന്ധിയിൽ. നവംബർ മാസത്തിൽ വിത നടത്തുവാനുള്ള ശ്രമമാണ് പാടശേഖരത്തുനിന്നും വെള്ളം വറ്റിക്കാനാവാതെ പരാജയപ്പെട്ടത്.
250 ഏക്കറിലാണ് നിലവിൽ കൃഷി നടത്തുന്നത്. പ്രതിസന്ധികൾമൂലം 100 ഏക്കർ തരിശായി മാറി. വർഷങ്ങൾക്കുമുൻപ് കൃഷിവകുപ്പ് നൽകിയ പെട്ടിയും പറയും കാലപ്പഴക്കത്താൽ തകർന്നു. വെള്ളം വറ്റിക്കാൻ നടത്തിയ ശ്രമങ്ങളെല്ലാം അവതാളത്തിലായി.
മോട്ടോർ വാടകയ്ക്ക് എടുക്കണമെങ്കിൽ പ്രതിദിനം 3000 രൂപ വേണ്ടിവരും. ഇത് കർഷകർക്ക് ഭാരിച്ച ബാധ്യതയായി മാറുമെന്ന് കോടങ്കേരി പാടശേഖരസമിതി കൺവീനർ എം.എസ്.പ്രശാന്ത് മുണ്ടുവേലിൽ പറഞ്ഞു.
നാലിടത്തായാണ് ഇപ്പോൾ മോട്ടോറുകൾ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ ശരിയായി പ്രവർത്തിക്കുന്നത് ഒരെണ്ണം മാത്രമാണ്. കർഷകരായ രഘു രാഗേഷ് പാട്ടത്തിൽ, ജേക്കബ് എബ്രഹാം, ജോസഫ് ജോർജ് മണക്ക്, ശശി കാട്ടിൽ, മോൻസി കോയിക്കേരിൽ, സുനിൽ ചെരുപ്പേരിൽ, പുന്നൂസ് ജോസഫ് എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചിരിക്കുന്നത്. കൃഷിവകുപ്പിൽനിന്നുള്ള മറുപടിക്കായി കാത്തിരിക്കുകയാണ് കർഷകർ.