ന്യൂഡല്‍ഹി : ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്ന് ബ്ലുടിക്ക് ഒഴിവാക്കി ട്വിറ്റര്‍. ശനിയാഴ്ചയാണ് ട്വിറ്റര്‍ ബ്ലുടിക്ക് ഒഴിവാക്കിയത്. എം.വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലുടിക്കാണ് ഒഴിവാക്കിയത്. എന്നാല്‍ വൈസ് പ്രസിഡന്റിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലെ ബ്ലുടിക്ക് നിലനിര്‍ത്തിയിട്ടുണ്ട്. ഏകദേശം 13 ലക്ഷത്തോളം ഫോളോവര്‍മാരുള്ള അക്കൗണ്ടിലെ ബ്ലുടിക്കാണ് ഒഴിവാക്കിയിരിക്കുന്നത്.
അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കുന്നതിനായാണ് ട്വിറ്റര്‍ സാധാരണയായി ബ്ലുടിക്ക് നല്‍കാറുള്ളത്. സെലിബ്രേറ്റികള്‍, കമ്പിനികള്‍, എന്‍.ജി.ഒകള്‍, മാധ്യമങ്ങള്‍ എന്നിവര്‍ക്കെല്ലാം ട്വിറ്റര്‍ സാധാരണയായി ബ്ലുടിക്ക് നല്‍കാറുണ്ട്. ഇവരെ പ്രത്യേകം തിരിച്ചറിയുന്നതിനായാണ് ഇത്തരമൊരു അടയാളം നല്‍കുന്നത്.
അക്കൗണ്ടിലുള്ള പേരില്‍ മാറ്റം വരുത്തിയാല്‍ ചിലപ്പോള്‍ ട്വിറ്ററില്‍ ബ്ലുടിക്ക് നഷ്ടമാകും. കുറേ ദിവസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലും അപൂര്‍ണമായ അക്കൗണ്ടുകള്‍ക്കും ബ്ലുടിക്ക് നഷ്ടപ്പെട്ടേക്കാം. അതേസമയം വെങ്കയ്യ നായിഡുവിന്റെ അക്കൗണ്ടിലെ ബ്ലുടിക്ക് ട്വിറ്റര്‍ എന്തിനാണ് ഒഴിവാക്കിയതെന്നത് സംബന്ധിച്ച് ഇനിയും വ്യക്തതയില്ല.