കൊച്ചി: കേരള കോണ്‍ഗ്രസ് (ജോസഫ്) പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ് വിക്ടര്‍ ടി തോമസ് ബിജെപിയില്‍ ചേര്‍ന്നു. പ്രകാശ് ജാവേദ്ക്കറാണ് അംഗത്വം നല്‍കിയത്. യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയര്‍മാനായിരുന്ന വിക്ടര്‍ ടി തോമസ്, കഴിഞ്ഞ ദിവസമാണ് കേരളാ കോണ്‍ഗ്രസിലെ സ്ഥാനങ്ങളും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനവും രാജിവെച്ചത്. യു ഡി എഫ് കാലുവാരുന്നവരുടെ മുന്നണിയെന്ന് വിക്ടര്‍ ടി തോമസ് കുറ്റപ്പെടുത്തി.
വിക്ടര്‍ ടി തോമസ് ജോണി നെല്ലൂരിന്റെ എന്‍പിപിയിലേക്ക് പോകുമെന്ന പ്രചരണം ശക്തമായിരുന്നു. അതിനിടെയാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്. തിരുവല്ല നിയോജക മണ്ഡലത്തില്‍ രണ്ട് തവണ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ടെങ്കിലും വിജയിച്ചു കയറാന്‍ വിക്ടര്‍ തോമസിന് ആയിരുന്നില്ല. കഴിഞ്ഞ തവണയും തിരുവല്ല സീറ്റിന് തനിക്ക് അര്‍ഹതയുണ്ടെന്ന് വിക്ടര്‍ ടി തോമസ് വാദിച്ചിരുന്നുവെങ്കിലും സീറ്റ് അനുവദിച്ചിരുന്നില്ല. അതിനെ തുടര്‍ന്ന് തര്‍ക്കം രൂപപ്പെട്ടിരുന്നു.