കൊച്ചി : വൈഗ കൊലക്കേസ് പ്രതി സനുമോഹനെ ഇന്ന് കൂടുതല്‍ ചോദ്യം ചെയ്യും. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാകും സനുമോഹനെ ചോദ്യം ചെയ്യുന്നത്. പ്രാഥമിക മൊഴിയിലെ വൈരുദ്ധ്യം ചൂണ്ടി കാട്ടിയാണ് ചോദ്യം ചെയ്യല്‍.
ഇതിന്റെ ഭാഗമായി സനുമോഹനേയും ഭാര്യയേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. ചോദ്യം ചെയ്യലിനായി ഇന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ ഹാജരാകാന്‍ സനുമോഹന്റെ ഭാര്യയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ആദ്യം ഭാര്യയെ തനിച്ചിരുത്തിയും പിന്നീട് ഇരുവരേയും ഒരുമിച്ചിരുത്തിയും ചോദ്യംചെയ്യാനാണ് തീരുമാനം.
ഇയാളെ ഇന്ന് കൊച്ചിയിലെ ഫ്ലാറ്റിൽ എത്തിച്ച് തെളിവെടുപ്പും നടത്തും. വൈഗയെ എറിഞ്ഞ മുട്ടാര്‍ പുഴയിലും സനുമോഹനെ തെളിവെടുപ്പിനായി കൊണ്ടുപോകും. ഇയാളുടെ അടുത്ത ബന്ധുക്കളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനുണ്ടെന്നും പോലീസ് പറഞ്ഞു. വൈഗയുടെ പിതാവ് സനു മോഹനെ കഴിഞ്ഞ ദിവസം 10 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ തൃക്കാക്കര ഫസ്റ്റ് ക്ലാസ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതി വിട്ടിരുന്നു.
വൈഗയെ കൊന്നത് താന്‍ തന്നെയാണെന്ന് ഇന്നലെ സനു മോഹന്‍ പോലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തിയിരുന്നു. മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയെന്നുമാണ് സനു മോഹന്റെ കുറ്റസമ്മതം.