കൊച്ചി : മോന്‍സ് ജോസഫ് എംഎല്‍എ ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജിയില്‍ ഹൈക്കോടതി നോട്ടീസ് പുറപ്പെട്ടുവിച്ചു. മോന്‍സ് ജോസഫ് പ്രസിഡന്റായ ആള്‍ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്റ്റേഴ്സ് അസ്സോസിയേഷന്റെ അമ്പത് ലക്ഷം രൂപ തിരിമറി നടത്തിയെന്നാരോപിക്കുന്ന ഹര്‍ജിയിലാണ് കോടതി നടപടി. സംഘടനയുടെ ഫണ്ട് ഭാരവാഹികള്‍ ചേര്‍ന്ന് തിരിമറി നടത്തിയെന്നാണ് ആരോപണം.
കൊല്ലം പടപ്പക്കര മുളവനയില്‍ എം. വൈ.സോളമന്‍ നല്‍കിയ കേസില്‍ അസോസിയേഷന്റെ ഭാരവാഹികളെക്കൂടാതെ വിജിലന്‍സ് ഡയറക്ടരും തിരുവനന്തപുരം പോലീസ് കമ്മീഷണറും എതിര്‍കക്ഷികളാണ്. അഴിമതി നടത്തുന്നതിനും എതിര്‍ക്കുന്നവരെ പിരിച്ചുവടാനും വേണ്ടിയാണ് കാലാവധി കഴിഞ്ഞ് രണ്ട് വര്‍ഷമായിട്ടും ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടത്താത്തതെന്നും അഡ്വ.വി. ജയപ്രദീപ് മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു. വിശദമായ വിജിലന്‍സ് അന്വേഷണം നടത്തുവാനും റീസീവറേയും റിട്ടേണിംഗ് ഓഫീസറേയും നിയമിക്കുന്നതിനും ഹര്‍ജിയില്‍ ആവശ്യമുണ്ട്.