കണ്ണൂർ : കെ. എം ഷാജി എംഎൽഎ അഴീക്കോട് സ്കൂൾ മാനേജ്മെന്റിൽ നിന്നും 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കേസിൽ സാക്ഷികളുടെ മൊഴിയെടുക്കുന്നു. കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ഓഫീസിൽ വെച്ചാണ് മൊഴിയെടുക്കുന്നത്. പരാതിക്കാരൻ പത്മനാഭൻ, ലീഗിൽ നിന്ന് പുറത്തായ നൗഷാദ് എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. കെ. എം ഷാജി അഴീക്കോട് സ്കൂൾ മാനേജ്മന്റിൽ നിന്നും 25 ലക്ഷം രൂപ കോഴവാങ്ങിയെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി വിജിലൻസ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നു.
സ്കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചതിൽ നിന്നും സാക്ഷിമൊഴികളിൽ നിന്നും ഷാജി കോഴ വാങ്ങിയതിന് തെളിവുണ്ടെന്നും എഫ്ഐആറിൽ പറയുന്നു. അഴീക്കോട് ഹൈസ്കൂളിന് പ്ലസ്ടു അനുവദിക്കാൻ 2014 ലിൽ കെ. എം ഷാജി എംഎൽഎ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന് ലീഗ് പ്രാദേശിക നേതാവ് സംസ്ഥാന നേതൃത്വത്തിന് അയച്ച പരാതിയാണ് കേസിന് ആധാരം. ചോർന്നു കിട്ടിയ ഈ പരാതി സിപിഎം നേതാവ് മുഖ്യമന്ത്രിക്ക് അയച്ചതോടെ വിജിലൻസ് സ്കൂളിലെത്തി 2017ൽ തന്നെ പ്രാഥമിക പരിശോധന നടത്തി. സ്കൂളിലെ വരവ് ചെലവ് കണക്കുകൾ പരിശോധിച്ചു. 2014 ൽ 30 ലക്ഷവും 2105 ൽ 35 ലക്ഷവും സംഭാവന ഇനത്തിൽ സ്കൂളിന് വരുമാനമുണ്ട്.
ഈ വർഷങ്ങളിൽ ചിലവ് ഇനത്തിൽ 35 ലക്ഷം വീതം കണക്കിൽ കാണിക്കുന്നുണ്ട്. ഇതിൽ 25 ലക്ഷം രൂപ ഷാജിക്ക് നൽകിയതായി പ്രാഥമിക അന്വേഷണത്തിൽ മനസിലായെന്ന് എഫ്ഐആറിൽ പറയുന്നു. എംഎൽഎയ്ക്ക് എതിരെ സാക്ഷിമൊഴികളുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും തലശ്ശേരി വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിലുണ്ട്. വിജിലൻസ് കണ്ണൂർ ഡിവൈഎസ്പി വി. മധുസൂധനനാണ് അന്വേഷണ ചുമതല.