ഇടുക്കി: വസ്തു പോക്കുവരവിന് കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായ വില്ലേജ് ഓഫീസറെ കഠിന തടവിന് ശിക്ഷിച്ച് വിജിലന്‍സ് കോടതി. ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസറായിരുന്ന പ്രഭാകരന്‍ നായര്‍ക്കാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി മൂന്ന് വര്‍ഷം കഠിന തടവും 65,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വസ്തു പോക്കുവരവ് ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ കേസിലാണ് നടപടി. 2009 ജൂലൈ മാസം 30ന് ആയിരുന്നു സംഭവം.
ഇടുക്കി ചതുരംഗപ്പാറ വില്ലേജ് ഓഫീസിലെ സ്പെഷ്യല്‍ വില്ലേജ് ഓഫീസര്‍ ആയിരുന്ന പ്രഭാകരന്‍ നായര്‍ പരാതിക്കാരന്റെ പേരിലുള്ള വസ്തു പോക്കുവരവ് ചെയ്ത് കിട്ടുന്നതിന് 5000 രൂപയാണ് കൈക്കൂലി വാങ്ങിയത്. പണം വാങ്ങവെ ഇടുക്കി വിജിലന്‍സ് മുന്‍ ഡിവൈഎസ്പി കെവി. ജോസഫ് കൈയോടെ പിടികൂടി. ഇടുക്കി മുന്‍ വിജിലന്‍സ് ഡിവൈഎസ്പി പിറ്റി കൃഷ്ണന്‍കുട്ടിയാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. വിചാരണയ്‌ക്കൊടുവില്‍ പ്രഭാകരന്‍ നായര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലന്‍സ് കോടതി ശിക്ഷ വിധിക്കുകയായിരുന്നു.