കൊച്ചി : നടിയെ ബലാത്സംഗം ചെയ്ത കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുഞ്ഞിരുന്ന നടനും നിര്‍മ്മാതാവുമായ വിജയ് ബാബു അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനിലാണ് ഹാജരായത്. വിജയ് ബാബുവിനെ വിശദമായി ചോദ്യം ചെയ്യുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് രാവിലെ 9.30 നാണ് വിജയ് ബാബു നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. 39 ദിവസത്തിന് ശേഷമാണ് വിദേശത്ത് നിന്ന് വിജയ് ബാബു നാട്ടിലെത്തുന്നത്. വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ വിജയ് ബാബുവിനെ ചോദ്യം ചെയ്ത് വിട്ടയക്കും. നാളെയാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ഹൈക്കോടതി വീണ്ടും പരിഗണിക്കുന്നത്.
ബുധനാഴ്ച തിരിച്ചെത്തുമെന്ന് വിജയ് ബാബു കോടതിയെ നേരത്തെ അറിയിച്ചിരുന്നു. ദുബായില്‍ നിന്ന് പുലര്‍ച്ചെ എത്തുന്ന എമിറേറ്റ്‌സ് വിമാനത്തിലെത്തുമെന്നാണ് അറിയിച്ചത്. വിമാന ടിക്കറ്റിന്റെ പകര്‍പ്പ് കോടതിയില്‍ ഹാജരാക്കി. അറസ്റ്റ് ചെയ്യുമെന്നുള്ളതുകൊണ്ടാണ് ഇന്നലെ വരാതിരുന്നതെന്നും വിജയ് ബാബുവിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചു. ആള് സ്ഥലത്തില്ലാത്തതു കൊണ്ട് കേസ് മെറിറ്റില്‍ കേള്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നു പറഞ്ഞ കോടതി, വിജയ് ബാബു നാട്ടില്‍ വരുന്നത് നല്ലതല്ലേയെന്നു പ്രോസിക്യൂഷനോട് ചോദിച്ചു. വിജയ് ബാബുവിനെ നാട്ടിലെത്തിക്കുകന്നതിനല്ലേ പോലീസ് പ്രഥമ പരിഗണന നല്‍കേണ്ടതെന്നും അയാള്‍ പുറത്തു നിന്നാല്‍ നിങ്ങള്‍ക്ക് എന്തു ചെയ്യാന്‍ പറ്റുമെന്നും കോടതി ചോദിച്ചു.
വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കുമെന്നല്ലേ പോലീസ് പറഞ്ഞത്? ഒന്നര മാസമായിട്ടും നിങ്ങള്‍ക്ക് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിട്ടില്ല. പിന്നെ ഇപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ആരെ കാണിക്കാനാണ് ഈ നാടകം? മീഡിയയെ കാണിക്കാന്‍ ആണോ തുടങ്ങിയ ചോദ്യങ്ങള്‍ കോടതി ഉന്നയിച്ചു. ഇരയെ സഹായിക്കുകയാണ് ഉദ്ദേശമെങ്കില്‍ അയാല്‍ വരട്ടെ എന്നല്ലേ വിചാരിക്കേണ്ടത്. എത്ര പേര്‍ വിദേശത്ത് പോയി മുങ്ങി നടക്കുന്നു. ലോകത്ത് ചില ദ്വീപുകളില്‍ താമസം ആക്കാന്‍ ഇന്ത്യന്‍ വിസയോ പാസ്‌പോര്‍ട്ട് ഒന്നും വേണ്ടെന്നത് ഓര്‍ക്കണമെന്നും കോടതി പറഞ്ഞു.
ഏപ്രില്‍ 22 നാണ് നടി വിജയ് ബാബുവിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. സിനിമയില്‍ കൂടുതല്‍ അവസരം വാഗ്‌ദാനം ചെയ്ത് കൊച്ചിയിലെ ഫ്ലാറ്റിലും ആഡംബര ഹോട്ടലിലും പാര്‍പ്പിച്ച് അതിക്രൂരമായി ബലാത്സംഗം ചെയ്തെന്നായിരുന്നു നടിയായ യുവതിയുടെ പരാതി. ബലാത്സംഗം, ഗുരുതരമായി പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തത്.
നടി പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിജയ് ദുബായിലേക്ക് കടന്നത്. ബാംഗ്ലൂര്‍ വഴിയാണ് വിദേശത്തേക്ക് കടന്നതെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഫെയ്സ്ബുക്ക് ലൈവിലെത്തിയ വിജയ് ബാബു ആരോപണം നിഷേധിക്കുകയും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തുകയും ചെയ്തിരുന്നു. താനാണ് ഇരയെന്നും ആരോപണങ്ങള്‍ കള്ളമെന്ന് തെളിയിക്കാനുള്ള തെളിവുകള്‍ തന്റെ കൈയ്യിലുണ്ടെന്നും വിജയ് ബാബു അവകാശപ്പെട്ടു.