കൊച്ചി : ബലാത്സംഗ കേസില്‍ പ്രതി ചേര്‍ത്ത നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറത്തിറക്കുമെന്ന് പോലീസ്. വിജയ് ബാബുവിനെ കണ്ടെത്താനായി ജോര്‍ജിയന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും ആവശ്യമുണ്ടെങ്കില്‍ പോലീസ് സംഘം ജോര്‍ജിയയിലേക്ക് പോകുമെന്നും കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.
വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. വീണ്ടും യാത്രയ്‌ക്കായി എത്തിയാല്‍ അറിയിക്കണമെന്നും അന്വേഷണസംഘം എംബസിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജോര്‍ജിയയില്‍ നിന്ന് മറ്റെവിടേക്കെങ്കിലും പോകുന്നത് തടയാനാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം വഴി പോലീസിന്‍റെ ഈ നീക്കം. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കുകയാണ്.
അവധിക്കാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാനാണ് യുവനടി താനുമായി ബന്ധമുണ്ടാക്കിയതെന്നും ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി നല്‍കി ബ്ളാക്ക് മെയില്‍ ചെയ്യുകയാണെന്നും വ്യക്തമാക്കിയാണ് വിജയ് ബാബു ഹര്‍ജി നല്‍കിയിരിക്കുന്നത്. നടിയുടെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തതോടെയാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. ഇന്റര്‍പോളിന്റെ സഹായത്തോടെ ബ്ലൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചെങ്കിലും പ്രതി ദുബായില്‍ നിന്നും ജോര്‍ജിയയിലേക്ക് കടന്നിരുന്നു.