എറണാകുളം : വിജയ് ബാബു കേസില്‍ ഇരയ്ക്ക് നീതി കിട്ടുമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. വിജയ് ബാബുവിനെ രണ്ട് ദിവസം ചോദ്യം ചെയ്യും. രക്ഷപെടാനുള്ള എല്ലാ വഴികളും അടഞ്ഞതാണ് വിജയ് ബാബുവിന്റെ മടങ്ങിവരവിന് വഴിവെച്ചതെന്നും കമ്മീഷണര്‍ പറഞ്ഞു. രാവിലെ നാട്ടില്‍ തിരിച്ചെത്തിയ വിജയ് ബാബു തേവര പോലീസ് സ്റ്റേഷനില്‍ ഹാജരായി. യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ ദുബൈയില്‍ ഒളിവിലായിരുന്ന വിജയ് ബാബു അല്‍പ്പ സമയം മുമ്പാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയത്.
കേസില്‍ വിജയ് ബാബുവിന് ഹൈക്കോടതി ഇന്നലെ ഇടക്കാല മുന്‍കൂര്‍ജാമ്യം അനുവദിച്ചിരുന്നു. പീഡന പരാതി ഉയര്‍ന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന വിജയ് ബാബുവിനെ തിരികെയെത്തിക്കാന്‍ അന്വേഷണസംഘം നടത്തിയ ശ്രമം നേരത്തെ പരാജയപ്പെട്ടിരുന്നു. മടങ്ങിയെത്തിയാല്‍ മാത്രമേ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുകയുള്ളുവെന്ന് കോടതിയും നിലപാടെടുത്തു. വിദേശത്ത് കഴിയുന്ന പ്രതി ഒളിവില്‍ പോകാനുള്ള സാധ്യത കൂടി മുന്‍നിര്‍ത്തിയാണ് കോടതി ഇന്നലെ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അറസ്റ്റ് ചെയ്യും എന്നുള്ളതിനാലാണ് നേരത്തെ അറിയിച്ച സമയത്ത് തിരിച്ചെത്താതിരുന്നതെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കവേ നടന്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
ഇന്ന് രാവിലെ 9.30 ന് നെടുമ്പാശ്ശേരിയില്‍ തിരിച്ചെത്തുമെന്നാണ് വിജയ് ബാബു കോടതിയില്‍ ഹാജരാക്കിയ യാത്ര രേഖകളില്‍ വ്യക്തമാക്കിയിരുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് കേസ് രജിസ്റ്റര്‍ ചെയ്ത സൗത്ത് പോലീസ് സ്റ്റേഷനിലെത്തി വിജയ് ബാബു അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകും. അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ വിജയ് ബാബുവിനെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. മാര്‍ച്ച് മാസം 16, 22 തീയതികളില്‍ വിജയ് ബാബു തന്നെ പീഡിപ്പിച്ചെന്ന് യുവനടി നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന് പിന്നാലെയാണ് ഇയാള്‍ വിദേശത്തേക്ക് കടന്നത്.