കൊൽക്കത്ത : ഇന്ത്യക്കാരനായ കാമുകനെ വിവാഹം കഴിക്കാൻ നദി നീന്തിക്കടന്ന് 22 കാരിയായ ബംഗ്ലാദേശി യുവതി. കൃഷ്ണ എന്ന ബംഗ്ലാദേശി യുവതിയാണ് കൊൽക്കത്ത സ്വദേശിയായ അഭിക് മണ്ഡലിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പ്രണയത്തിലാകുകയും ചെയ്തത്. കൃഷ്ണയുടെ കൈവശം പാസ്‌പോർട്ട് ഇല്ലാത്തതിനാൽ അവർ അനധികൃതമായി അതിർത്തി കടക്കുകയായിരുന്നു. റോയൽ ബംഗാൾ കടുവകൾക്ക് പേരുകേട്ട സുന്ദർബൻ വനത്തിലേക്കാണ് കൃഷ്ണ ആദ്യം പ്രവേശിച്ചത്. തുടർന്ന് നദിയിലേക്ക് ചാടി ഒരു മണിക്കൂറോളം നീന്തിയാണ് ലക്ഷ്യസ്ഥാനത്ത് എത്തിയത്. ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ ബാലേശ്വർ നദിയാണ് കൃഷ്ണ അതിസാഹസികമായി നീന്തിക്കടന്നത്.
പാസ്പോർട്ടില്ലാത്തതിനാൽ എങ്ങനെ കൊൽക്കത്തയിലുള്ള കാമുകനടുത്തെത്തുമെന്ന് ആലോചിച്ചപ്പോഴാണ് ബാലേശ്വർ നദി നീന്തിക്കടക്കാമെന്ന ബുദ്ധി ഉതിച്ചത്. അവളുടെ സാഹസിക നീന്തൽ വെറുതെയായില്ല. കാമുകനെ കണ്ടുമുട്ടി, ഇരുവരും വിവാഹിതരാകുകയും ചെയ്തു. മൂന്ന് ദിവസം മുമ്പ് കൊൽക്കത്തയിലെ കാളിഘട്ട് ക്ഷേത്രത്തിൽ വെച്ചാണ് കൃഷ്ണയും അഭിക്കും വിവാഹിതരായത്. എന്നാൽ നിയമവിരുദ്ധമായി രാജ്യത്ത് പ്രവേശിച്ചതിന് തിങ്കളാഴ്ച കൃഷ്ണയെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണയെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കൈമാറിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
ഈ വർഷമാദ്യം ഒരു ബംഗ്ലാദേശി കൗമാരക്കാരൻ ഇന്ത്യയിൽ നിന്ന് ചോക്ലേറ്റ് വാങ്ങാൻ അതിർത്തി കടന്നിരുന്നു. എമാൻ ഹൊസൈൻ ഒരു ചെറിയ നദി നീന്തിക്കടന്ന് വേലിയുടെ വിടവിലൂടെ അതിർത്തി കടന്ന് തന്റെ പ്രിയപ്പെട്ട ചോക്ലേറ്റ് ബാർ സ്വന്തമാക്കി. കൗമാരക്കാരനെ ലോക്കൽ പോലീസിന് കൈമാറി, തുടർന്ന് കോടതിയിൽ ഹാജരാക്കി. ഇയാളെ 15 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.