ചെന്നൈ : സിനിമ ബിഗിലുമായി ബന്ധപ്പെട്ട കണക്കുകളില്‍ വൈരുദ്ധ്യമെന്ന് ആദായനികുതി വകുപ്പ്. നിര്‍മ്മാതാക്കളുടെ കണക്കും വിജയിയുടെ പക്കലുള്ള രേഖകളും തമ്മില്‍ വൈരുദ്ധ്യമെന്നാണ് ആദാനയനികുതി വകുപ്പ് പറയുന്നത്. ബിഗിലിന് പ്രതിഫലം വാങ്ങിയതുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തു. നടന്‍ വിജയിയെ ചോദ്യംചെയ്യുന്നത് 16 മണിക്കൂര്‍ പിന്നിട്ടു. കേന്ദ്രസര്‍ക്കാരിനും അണ്ണാ ഡിഎം കെയ്ക്കുമെതിരായ വിമര്‍ശനങ്ങളുടെ പേരിലെ വിവാദം കെട്ടടങ്ങും മുമ്പാണ് ഇളയ ദളപതിക്കെതിരെ ആദായ നികുതി വകുപ്പ് നടപടി.
കടലൂരിലെ മാസ്റ്റേഴ്സ് സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷനില്‍ എത്തിയാണ് സമന്‍സ് ഉദ്യോഗസ്ഥര്‍ വിജയിയ്ക്ക് കൈമാറിയത്. ചോദ്യം ചെയ്യലിന് സഹകരിക്കാമെന്ന് അറിയിച്ച വിജയിയെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ കാറില്‍കയറ്റി കൊണ്ടുപോയി. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസിന്റെ പണമിടപാടുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിച്ചതില്‍ ക്രമക്കേടുണ്ടോയെന്നും പരിശോധിക്കുന്നു. എജിഎസ് ഫിലിംസിന്റെ ചെന്നൈയില്‍ ഉള്‍പ്പടെയുള്ള ഓഫീസുകളില്‍ കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.
ഇതിന്റെ തുടര്‍ച്ചയായ നടപടിയെന്നാണ് വിശദീകരണം. വിജയിയെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മാസ്റ്റേഴ്സിന്റെ ഷൂട്ടിങ്ങ് തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു. ചെന്നൈ സാലിഗ്രാമത്തിലെ വിജയിയുടെ വസതിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. ജിഎസ്ടി നോട്ട് റദ്ദാക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ നരേന്ദ്രമോദി സര്‍ക്കാരിനെ പരിഹസിച്ചുള്ള വിജയ് ചിത്രത്തിലെ രംഗങ്ങള്‍ തമിഴകത്ത് സമാനതകളില്ലാത്ത വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജോസഫ് വിജയിയെന്നഴുതിയ കോലം കത്തിച്ചും ഫ്ലക്സുകള്‍ കീറിയുമാണ് അന്ന് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ബിജെപി അനുകൂല പ്രസ്താവനകള്‍ക്ക് പിന്നാലെ രജനീകാന്തിനെതിരായ നികുതി കേസുകള്‍ ആദായ നികുതി അവസാനിപ്പിച്ചത് ദിവസങ്ങള്‍ക്ക് മുമ്പ്. ഇതിന് പിന്നാലെയാണ് വിജയിക്ക് എതിരായ നടപടി.