ലണ്ടന്‍ : വായ്പയെടുത്ത പണം തിരികെ നല്‍കാമെന്ന് വീണ്ടും വിശദമാക്കി വിവാദ വ്യവസായി വിജയ് മല്യ. ബാങ്കുകള്‍ക്ക് നൂറുശതമാനം മുടക്ക് മുതലും തിരികെ നല്‍കാന്‍ തയ്യാറാണെന്നാണ് സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയായ മല്യ വിശദമാക്കിയത്. ബ്രിട്ടണിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ അയക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് മല്യയുടെ പ്രസ്താവന. ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപയുടെ വായ്പയെടുത്ത് രാജ്യം വിട്ട മല്യ ബ്രിട്ടനിൽ അറസ്റ്റിലായതിന് പിന്നാലെത്തന്നെ ജാമ്യത്തിലിറങ്ങിയിരുന്നു.
ഇന്നലെ ലണ്ടനിലെ റോയല്‍ കോടതിക്ക് മുന്നില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് മല്യ. ബാങ്കുകളോട് മുടക്ക് മുതലിന്റെ നൂറ് ശതമാനവും തിരിച്ചെടുക്കാന്‍ കൈകള്‍ കൂപ്പി ആവശ്യപ്പെടുകയാണെന്ന് വിജയ് മല്യ പറഞ്ഞു. സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കുറ്റം വിജയ് മല്യ വീണ്ടും നിഷേധിച്ചു. രണ്ടംഗ ബെഞ്ചാണ് മല്യയുടെ ഹര്‍ജി പരിഗണിച്ചത്. 9000 കോടി രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയാണ് വിജയ് മല്യ ലണ്ടനിലേക്ക് കടന്നത്.
കിംഗ്‍ഫിഷര്‍ ബിസിനസ് നഷ്ടമായിരുന്നു. എന്നാല്‍ വായ്പ തിരിച്ചടക്കാതിരിക്കാനുള്ള അടവായാണ് ബാങ്കുകള്‍ ഇതിനെ കാണുന്നതെന്നാണ് വിജയ് മല്യയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കടങ്ങള്‍ വീട്ടാന്‍ മല്യ തയ്യാറാണെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കി. കള്ളപ്പണം വെളുപ്പിക്കൽ സാമ്പത്തിക കുറ്റകൃത്യം ഫോറിൻ എക്സേഞ്ച് മാനേജ്മെന്‍റ് നിയമ ലംഘനം എന്നീ കുറ്റങ്ങളിൽ സിബിഐയും എൻഫോഴ്സ്മെന്‍റും ചുമത്തിയ കേസുകളിൽ വിചാരണയ്ക്കായി വിജയ് മല്യയെ തിരികെ നൽകണമെന്ന് യുകെയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.