തിരുവനന്തപുരം : സ്ത്രീകളെ അധിക്ഷേപിച്ച് വെള്ളായണി സ്വദേശി വിജയ് പി. നായർ യുട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ യുട്യൂബ് നീക്കം ചെയ്തു. വിജയിയുടെ യുട്യൂബ് ചാനല്‍ ഉള്‍പ്പെടെയാണ് നീക്കം ചെയ്തത്. പോലീസിന്‍റെ ആവശ്യം യുട്യൂബ് ആദ്യം നിരസിച്ചിരുന്നു. വിജയിയെ കൊണ്ട് വീഡിയോ നീക്കം ചെയ്യിക്കാനായിരുന്നു നീക്കം. കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ഐടി നിയമത്തിലെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയതിനു കല്ലിയൂരിലെ വീട്ടിൽ നിന്നാണു ഇയാളെ കസ്റ്റഡിയിലെടുത്തത്.
സ്ത്രീകൾക്കെതിരെ അശ്ലീല പരാമർശം നടത്തിയതിന് ശനിയാഴ്ച വിജയ് പി. നായർരെ ഇയാൾ താമസിക്കുന്ന സ്റ്റാച്യൂ ഗാന്ധാരിയമ്മൻ േകാവിൽ റോഡിനു സമീപത്തെ ലോഡ്ജ് മുറിയിലെത്തി ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ കൈകാര്യം ചെയ്തിരുന്നു. തുടർന്ന് വിജയ്ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരവും ഇയാളെ കൈകാര്യം ചെയ്ത ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർക്ക് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരവും പോലീസ് കേസെടുത്തിരുന്നു.
ഇതു വിവാദമായ സാഹചര്യത്തിലാണു ഐടി ആക്ടിലെ 67, 67(എ) വകുപ്പുകൾ ചുമത്തിയത്.
വിജയ് പി.നായരുടെ പിഎച്ച്ഡി വ്യാജമാണെന്ന പരാതിയിലും അന്വേഷണം ഉണ്ട്. തനിക്ക് ക്ലിനിക്കൽ സൈക്കോളജിയിൽ ഓണററി ഡോക്ടറേറ്റാണ് ലഭിച്ചതെന്നാണ് ഇയാൾ അവകാശപ്പെട്ടത്. എന്നാൽ പിഎച്ച്ഡി ലഭിച്ചുവെന്നു പറയുന്ന തമിഴ്നാട്ടിലെ സർവകലാശാല യുജിസി അംഗീകാരമില്ലാത്തതാണെന്നു വ്യക്തമായിട്ടുണ്ട്.