കൊച്ചി : യുവ നടിയെ ബലാത്സംഗം ചെയ്ത കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ പോലീസ് ഇന്നും ചോദ്യം ചെയ്യും. രാവിലെ ഒന്‍പത് മണിക്ക് എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്നലെ പത്ത് മണിക്കൂറാണ് നടനെ ചോദ്യം ചെയ്തത്. അസി.കമ്മിഷണര്‍ വൈ.നിസാമുദ്ദിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. ഉഭയ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും സിനിമയില്‍ അവസരം നല്‍കാത്തതിലുള്ള വൈരാഗ്യമാണ് കേസിന് പിന്നിലെന്നുമാണ് വിജയ് ബാബു പോലീസിന് മൊഴി നല്‍കിയത്.
എന്നാല്‍ വിജയ് ബാബുവിനെതിരെ ശക്തമായ തെളിവുകളുണ്ടെന്ന് പൊലീസ് പറയുന്നു. പീഡനം നടന്ന ദിവസം ആഡംബര ഹോട്ടലിലുണ്ടായിരുന്ന പ്രമുഖ ഗായകന്‍, ഭാര്യ എന്നിവരെ സാക്ഷികളാക്കി മൊഴിയെടുത്തേക്കും. അതേസമയം നടന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കോടതിയില്‍ വിശ്വാസമുണ്ടെന്നും, പോലീസുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും വിജയ് ബാബു ഇന്നലെ പറഞ്ഞിരുന്നു. 39 ദിവസത്തെ ഒളിവു ജീവിതം അവസാനിപ്പിച്ച് ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് ദുബായില്‍ നിന്ന് നടന്‍ കൊച്ചിയിലെത്തിയത്. ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡിപ്പിച്ചെന്നാരോപിച്ച് ഏപ്രില്‍ 22നാണ് നടി പോലീസില്‍ പരാതി നല്‍കിയത്.