പത്തനംതിട്ട : വികസിത ഭാരതം പത്തനംതിട്ട എഡിഷൻ എന്ന നാമധേയത്തിൽ എൻ ഡി എ പത്തനംതിട്ടയിൽ പുറത്തിറക്കിയ പ്രകടന പത്രിക പത്തനംതിട്ടയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയാണ് തയ്യാറക്കിയിട്ടുള്ളതെന്നു ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അഡ്വ. വി എ സൂരജ്. പത്തനംതിട്ടയുടെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന വികസനക്ഷേമ പദ്ധതികളാണ് പ്രകടന പത്രിക മുന്നോട്ട് വെയ്ക്കുന്നത്. ഈ പ്രകടന പത്രികയിൽ പ്രഥമ പരിഗണന മണ്ഡലത്തിലെ സ്ത്രീകൾക്ക് തന്നെയാണ് എന്നുള്ളത് ഏറെ പ്രത്യേകതയുള്ള കാര്യമാണ്. സ്ത്രീശാക്തീകരണത്തിന്റെ ഈ പുതിയ കാലത്ത് സ്ത്രീ സംരംഭകർക്ക് പ്രത്യേക പരിഗണന നൽകി അവരുടെ സംരഭങ്ങളെ ദേശീയ തലത്തിൽ എത്തിക്കാനും പെൺകുട്ടികളുടെ ഉപരിപഠനത്തിനായുള്ള സ്കോളർഷിപ്പും അത് പോലെ സ്ത്രീകളുടെ നേതൃപാടവം വികസിപ്പിക്കാനുള്ള പദ്ധതികൾ, നൈപുണ്യ വികസന തൊഴിലധിഷ്ഠിത കോഴ്‌സുകൾ എന്നിവ കേന്ദ്രസർക്കാർ സഹായത്തോടെ പത്തനംതിട്ടയിൽ നടപ്പിലാക്കുമെന്നും സ്ത്രീ ശാക്തീകരണ പദ്ധതികൾക്കായി പൊതു മേഖല സ്വകാര്യ കമ്പനികളുടെ സി എസ് ആർ ഫണ്ടും ഉപയോഗപ്പെടുത്തുമെന്നും പ്രകടന പത്രികയിലൂടെ എൻ ഡി എ ഉറപ്പ് നൽകുന്നു.
ശബരിമല വിമാനത്താവള പദ്ധതിയും പമ്പ നദിയുടെ സമ്പൂർണ ശുചീകരണവും സംരക്ഷണവും ലക്ഷ്യമിട്ട് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന നമാമി പമ്പയും ജനപ്രിയ പ്രഖ്യാപനങ്ങളാണ്. കേന്ദ്രവിദേശകാര്യ മന്ത്രാലയവുമായി ചേർന്ന് പ്രവാസികൾക്കായി പ്രത്യേക ആരോഗ്യഇൻഷുറൻസ് പദ്ധതികളും കേന്ദ്രപൊതുമേഖല സ്ഥാപനമായ ബാൽമർ ആൻഡ് ലൗറി വഴി കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നിരക്ക് ഉറപ്പാക്കുമെന്നുള്ള പ്രകടന പത്രികയിലെ പ്രഖ്യാപനങ്ങൾ പത്തനംതിട്ട മണ്ഡലത്തിലെ പ്രവാസികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ്. പത്തനംതിട്ട നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമായ രൂക്ഷമായ വന്യജീവി ആക്രമണത്തെ പ്രതിരോധിക്കാൻ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രോണുകൾ ഉപയോഗിച്ചുള്ള വന്യമൃഗ നിരീക്ഷണവും ജനവാസ മേഖലകളിലേക്ക് വന്യ മൃഗങ്ങളുടെ കടന്നു വരവ് തടയാൻ ബാരിക്കേഡുകളും സോളാർ വേലികളും ട്രഞ്ചുകളും നിർമ്മിക്കുമെന്നും വന്യജീവി ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരം ലഭിക്കാൻ ഇൻഷുറൻസ് പദ്ധതി ആരംഭിക്കുമെന്നും പ്രകടന പത്രികയിൽ പ്രതിപാദിക്കുന്നുണ്ട്. പത്തനംതിട്ടയുടെ സാംസ്‌കാരിക പൈതൃകമായ പടയണിയും ആറന്മുള വള്ളംകളിയും ആറന്മുള കണ്ണാടിയും ലോക ശ്രദ്ധയിൽ എത്തിക്കുന്ന തരത്തിലുള്ള കർമ്മ പദ്ധതികൾ പ്രകടന പത്രിക വിഭാവനം ചെയ്യുന്നുണ്ട്.
പത്തനംതിട്ടയെ ഐ ടി ഹബ്ബാക്കി മാറ്റുന്ന രീതിയിൽ ഐ ടി പാർക്ക് , എ ഐ പഠന ഗവേഷണ കേന്ദ്രം ,ക്വാണ്ടം കമ്പ്യൂട്ടിങ് കേന്ദ്രം എന്നിവ സൃഷ്ഠിക്കുമെന്നുള്ള പ്രഖ്യാപനങ്ങൾ പത്തനംതിട്ടയിൽ നിന്ന് മാത്രമല്ല ലോകമെമ്പാടുമുള്ള ടെക്കികളെ പത്തനംതിട്ടയിലേക്ക് ആകർഷിക്കുന്ന തരത്തിൽ ഉള്ളതാണ്. സൈനിക സ്കൂൾ ,അടൽ ടിങ്കറിങ് ലാബ്‌സ് അടൽ ഇന്നവേഷൻ ഇവയൊക്കെ കേന്ദസഹായത്തോടെ പ്രകടനപത്രികയിൽ പറയുന്നത് പോലെ നടപ്പിലാക്കിയാൽ പത്തനംതിട്ടയുടെ വിദ്യാഭ്യാസ മേഖലയുടെ സമഗ്ര പുരോഗതി സാധ്യമാകും. ശബരി റെയിൽ പാത പൂർത്തീകരണം ,പത്തനംതിട്ടയിൽ വന്ദേ ഭാരത് അസംബ്ലിങ് യൂണിറ്റ് എന്നിങ്ങനെ റയിൽവേയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ പത്തനംതിട്ടയുടെ മുഖച്ഛായ മാറ്റുന്നതാണ് എന്നതിൽ തർക്കമില്ല .സ്ത്രീകൾക്കൊപ്പം തന്നെ യുവാക്കൾക്കും കര്ഷകര്ക്കുമെല്ലാം കൃത്യമായ പരിഗണന പ്രകടന പത്രികയിലുണ്ട്. യുവാക്കളുടെ പുതു സംരഭങ്ങളെ പ്രോത്സാഹിപ്പിക്കാൻ നിരവധി കർമ്മപദ്ധതികൾ പ്രകടന പത്രിക മുന്നോട്ട് വെയ്ക്കുന്നു. ആരാധനാലയങ്ങളുടെ സുരക്ഷയും ദേശ സുരക്ഷയും ഗൗരവമായി തന്നെയാണ് പ്രകടന പത്രികയിൽ മുന്നോട്ട് വെച്ചിട്ടുള്ളത്. പത്തനംതിട്ടയിലെ ആരാധനാലയങ്ങളുടെ സുരക്ഷാ ഉറപ്പാക്കാൻ എം പി യായി തെരഞ്ഞെടുക്കപ്പെട്ടാൽ ആദ്യ പാർലമെന്റ് സമ്മേളനത്തിൽ തന്നെ സ്വകാര്യ ബിൽ കൊണ്ടുവരും എന്ന സ്ഥാനാർത്ഥിയുടെ ഉറപ്പ് പ്രകടനപത്രികയിൽ ശ്രദ്ധേയമാകുന്നു.
സാഗർ മാല പദ്ധതിയിലൂടെ പത്തനംതിട്ടയിൽ മികച്ച റോഡുകൾ പ്രകടന പത്രിക ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു. പത്തനംതിട്ടയുടെ വിവിധ ക്ഷേത്രങ്ങളെ കേന്ദ്രസർക്കാരിന്റെ പ്രസാദ് പദ്ധതിക്ക് കീഴിൽ കൊണ്ട് വന്നു ഒരു തീർത്ഥാടക സർക്യൂട്ട് നിർമ്മിക്കുമെന്നും ക്രിസ്ത്യൻ ദേവാലയങ്ങളെ കോർത്തിണക്കി ക്രിസ്ത്യൻ സർക്യൂട്ട് യാഥർഥ്യമാക്കാൻ ശ്രമിക്കുമെന്നും പ്രകടന പത്രിക പറയുന്നു. ഇങ്ങനെ വളരെ വിശദമായി പത്തനംതിട്ടയെ പുരോഗതിയിലെത്തിക്കാനുള്ള കർമ്മപദ്ധതികൾ പ്രകടന പത്രികയിലൂടെ എൻ ഡി എ ജനങ്ങളുടെ മുന്നിലേക്ക് എത്തിക്കുകയാണ്. പത്തനംതിട്ട പാർലമെന്റ് മണ്ഡലത്തിന് കൃത്യമായ ദിശാബോധം നൽകുന്ന പ്രകടന പത്രികയായി എൻ ഡി എ യുടെ ഈ പ്രകടന പത്രികയെ ജനം വിലയിരുത്തുമെന്നു ഉറപ്പാണെന്ന് അദ്ദേഹം പറഞ്ഞു.
































