തിരുവല്ല : സംസ്ഥാന ലഹരി വര്‍ജ്ജന മിഷന്‍ വിമുക്തിയുടെ ആഭിമുഖ്യത്തില്‍ നാളത്തെ കേരളം ലഹരിമുക്ത നവ കേരളം ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി തിങ്കളാഴ്ച രാവിലെ 7.30ന് തിരുവല്ല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മിനി മാരത്തോണ്‍ സംഘടിപ്പിക്കും. തിരുവല്ല എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റെ നേതൃത്വത്തില്‍ മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന മിനി മാരത്തോണ്‍ മഴുവങ്ങാട് ബൈപ്പാസ് ,എം.സി റോഡ് വഴി പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ മുന്‍പിലൂടെ സഞ്ചരിച്ച് മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തും.
ലഹരി മുക്ത കേരളം എന്ന ലക്ഷ്യം സാധ്യമാക്കുന്നതിന് വിപുലമായ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് നാളത്തെ കേരളം ലഹരിമുക്ത നവ കേരളം എന്ന പേരിലുള്ള 90 ദിന തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നത്. മദ്യം, മയക്കുമരുന്ന്, പുകയില എന്നിവയുടെ ഉപഭോഗത്തിനെതിരെ വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ സംഘിപ്പിക്കുവാനും നിയമ വിരുദ്ധ ലഹരി വസ്തുക്കളുടെ ശേഖരണം, കടത്തല്‍ എന്നിവയുടെ ഉറവിടം കണ്ടെത്തി അവ ഇല്ലായ്മ ചെയ്യുന്നതിനുമായി ബഹുജന പങ്കാളിത്തത്തോടെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ലൈബ്രറി കൗണ്‍സില്‍, കുടുംബശ്രീ, ആശാ വര്‍ക്കര്‍മാര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍, റസിഡന്റ് അസോസിയേഷന്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് നടപ്പിലാക്കി വരുന്നത്.