പുനലൂര്‍ : പട്ടണത്തില്‍ തോക്കുമായി ഭീതി പരത്തിയ യുവാവിനെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പേപ്പര്‍ മില്ലിന് സമീപം ഷാജി സദനത്തില്‍ റിജോ മോനെയാണ് (20) പുനലൂര്‍ എസ്.ഐ ശരലാലിന്‍റെ നേതൃത്വത്തില്‍ പിടികൂടിയത്. 25ന് വൈകിട്ട് നാലോടെയാണ് സംഭവം. യുവാവ് ബൈക്കില്‍ കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ സൊസൈറ്റി റോഡിലുള്ള ഓട്ടോ സ്റ്റാന്‍ഡില്‍ എത്തി നൗഷാദ് എന്ന ഓട്ടോ ഡ്രൈവറെ അന്വേഷിക്കുകയും തോക്ക് ഉയര്‍ത്തി വധഭീഷണി മുഴക്കുകയും ചെയ്തു.
ഓട്ടോഡ്രൈവര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയപ്പോഴേക്കും യുവാവ് ബൈക്കില്‍ രക്ഷപ്പെട്ടു. സമീപത്തെ കടകളിലെ സി.സി.ടി.വികളും മറ്റും പരിശോധിച്ച പോലീസ് ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ സഹായത്തോടെ ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ ആരംഭിച്ചു. പുനലൂര്‍ ഡി വൈ എസ്പി ബി വിനോദിന്‍റെയും ഇന്‍സ്പെക്ടര്‍ ബിനു വര്‍ഗീസിന്‍റെയും നിര്‍ദ്ദേശാനുസരണം അന്വേഷണം ഊര്‍ജിതമാക്കി. ചൊവ്വാഴ്ച ഉച്ചയോടെ ഇയാളെ പിടികൂടി തോക്ക് കണ്ടെടുത്തു.
പരിശീലനത്തിനും മറ്റും ഉപയോഗിക്കുന്ന എയര്‍ഗണ്‍ ആണ് ഇയാളുടെ കൈവശം ഉണ്ടായിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറോടുള്ള മുന്‍ വിരോധമാണ് വധഭീഷണി മുഴക്കാന്‍ ഇയാളെ പ്രേരിപ്പിച്ചത്. പ്രതിയേയും എയര്‍ ഗണ്ണും ഇയാള്‍ ഉപയോഗിച്ച ബൈക്കും കോടതിക്ക് കൈമാറി. എസ്.ഐ ശരലാലിനെ കൂടാതെ ഗ്രേഡ് എസ്.ഐ. രാധാകൃഷ്ണന്‍, സി.പി.ഓമാരായ അജീഷ്, ഗിരീഷ്, രാഹുല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.