ഉത്തർപ്രദേശ് : പശ്ചിമ ഉത്തർപ്രദേശിൽ ജനങ്ങളിൽ ഭീതി പരത്തി വൈറൽ ഡെങ്കിപ്പനി പടരുന്നു. കഴിഞ്ഞ ഒരാഴ്ച്ചയിൽ 32 കുട്ടികളടക്കം 68 പേർ മരിച്ചു. ഫിറോസാബാദ് ജില്ലയിൽ മാത്രം 24 മണിക്കൂറിനിടെ 12 കുട്ടികളാണ് മരിച്ചത്. രോഗികളുടെ എണ്ണം കൂടിയതോടെ ആശുപത്രികളിൽ കിടക്കകളും മറ്റും ലഭിക്കാത്ത സ്ഥിതിയാണ്.
ആഗ്ര, മെയിൻപുരി, കസഗഞ്ച് തുടങ്ങിയ ജില്ലകളിലാണ് പനി പടരുന്നത്. കടുത്ത പനിയും നിർജലീകരണവും മൂലമാണ് പലരും ആശുപത്രികളിൽ എത്തുന്നത്. ഫിറോസാബാദിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ സ്ഥിതി അതീവഗുരുതരമാണ്. 135 പേരെയാണ് ഇവിടെ പ്രവേശിപ്പിച്ചിട്ടുള്ളത്. ഇതിൽ 72 പേർ കുട്ടികളാണ്. പലരുടേയും പ്ലേറ്റ് ലെറ്റ് കൗണ്ട് ഇടിയുന്നതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.
മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫിറോസാബാദിലെ ആശുപത്രി സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പനി പടരുന്നതിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. കോവിഡ് മൂന്നാം തരംഗമാണെന്ന അഭ്യൂഹം ജനങ്ങൾക്കിടയിൽ പ്രചരിക്കുന്നതിൽ ജില്ലാ ഭരണകൂടവും സമ്മർദത്തിലാണ്.