പാപ്പിനിശ്ശേരി : പാപ്പിനിശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ തെരുവുനായ്ക്കളിൽ വൈറസ് രോഗം വ്യാപിക്കുന്നു. പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിലായി ഇതിനകം നിരവധി തെരുവു നായ്ക്കളാണ് ചത്ത് വീണത്. ഭക്ഷണം കഴിക്കാതെ ദിവസങ്ങൾ കഴിയുന്നതോടെ ശരീരം ശോഷിച്ച് കിടപ്പിലായി തുടർന്ന് മരണത്തിന് കീഴടങ്ങുന്ന കാഴ്ചയാണ്. പാപ്പിനിശ്ശേരി വെസ്റ്റ് ബോട്ട് ജെട്ടിക്ക് സമീപം ഇത്തരത്തിൽ ആറ് നായ്ക്കളാണ് അടുത്തിടെ ചത്തത്.
എല്ലാറ്റിനേയും നാട്ടുകാർ തന്നെ കുഴിച്ചു മൂടുകയാണുണ്ടായത്. കല്ലൂരി, നരയൻകുളം ഭാഗത്തും രോഗലക്ഷണമുള്ള നായ്ക്കളെ കണ്ടെത്തിയിട്ടുണ്ട്. കല്ലൂരിയിൽ ചത്ത നായ്ക്കളെ ചിലർ പുഴയിൽ തള്ളിയതായും ആക്ഷേപമുണ്ട്. ഒരുതരം വൈറസ് രോഗമാണെന്നാണ് പാപ്പിനിശ്ശേരി മൃഗാസ്പത്രിയിലെ വെറ്ററിനറി സർജൻ പറയുന്നത്. നായ്ക്കളുടെ പ്രജനനകാലത്ത് ഇത്തരം രോഗം രൂക്ഷമായി കാണപ്പെടാറുണ്ട്. രോഗം തെരുവു നായ്ക്കളിൽ പലഭാഗത്തും അടുത്തകാലത്തായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫലപ്രദമായ പ്രതിരോധ കുത്തിവെപ്പ് ഉള്ളതിനാൽ രോഗം വളർത്തു നായ്ക്കളിൽ കാണപ്പെടുന്നത് കുറവാണ്.