ഇന്ത്യയില്‍ ക്യാഷ്ലെസ് പേയ്മെന്റുകള്‍ നടക്കാറുണ്ടായിരുന്നുവെങ്കിലും കോവിഡ് മഹാമാരിക്ക് ശേഷമാണ് ഇത് കൂടുതല്‍ ജനകീയമായത്. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് വ്യാപകമായി ആളുകള്‍ പണം കൈമാറാന്‍ ഉപയോഗിച്ച് തുടങ്ങി. യുപിഐയുടെ ജനപ്രീതി വര്‍ദ്ധിച്ചതോടെ ആളുകള്‍ തങ്ങളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ കൊണ്ടുപോകുന്നത് ഏറെക്കുറെ നിര്‍ത്തി എന്നുതന്നെ പറയാം. എന്നാല്‍ യുപിഐ വഴി പണം കൈമാറാന്‍ അല്ലാതെ പിന്‍വലിക്കാന്‍ സാധിക്കില്ലായിരുന്നു. അതിന് ഡെബിറ്റ് കാര്‍ഡ് തന്നെ വേണം, എടിഎമ്മില്‍ പോകുകയും വേണം. എന്നാല്‍ ഇപ്പോള്‍ പണം പിന്‍വലിക്കാന്‍ എടിഎമ്മില്‍ കാര്‍ഡിന്റെ ആവശ്യമില്ല. ചണ്ഡീഗഡ് ആസ്ഥാനമായുള്ള ഫിന്‍ടെക് കമ്പനിയായ പേമാര്‍ട്ട് ഇന്ത്യ അതിന്റെ നൂതനമായ വെര്‍ച്വല്‍ എടിഎം അവതരിപ്പിച്ചിട്ടുണ്ട്. വെര്‍ച്വല്‍ എടിഎം സൗകര്യം ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് കാര്‍ഡ് കൂടാതെ എടിഎം സന്ദര്‍ശിക്കാതെ എളുപ്പത്തില്‍ പണം പിന്‍വലിക്കാം. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡ് ആവശ്യമില്ലാതെ അല്ലെങ്കില്‍ എടിഎം സന്ദര്‍ശിക്കാതെ പണം പിന്‍വലിക്കാന്‍ അനുവദിക്കുന്ന ഒരു സേവനമാണ് കാര്‍ഡ്ലെസ്സ് ക്യാഷ് പിന്‍വലിക്കല്‍ എന്നും അറിയപ്പെടുന്ന വെര്‍ച്വല്‍ എടിഎം.
പിന്‍വലിക്കല്‍ ആരംഭിക്കാന്‍ നിങ്ങള്‍ക്ക് വേണ്ടത് ഇന്റര്‍നെറ്റ് കണക്ഷനുള്ള ഒരു സ്മാര്‍ട്ട്ഫോണ്‍ മാത്രമാണ്. കൂടാതെ നിങ്ങളുടെ ബാങ്കിന്റെ മൊബൈല്‍ ആപ്പ് ഉപയോഗിക്കണം. മൊബൈല്‍ ആപ്പിനായി നിങ്ങളുടെ ഫോണ്‍ നമ്പര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. പിന്‍വലിക്കല്‍ അഭ്യര്‍ത്ഥന ഈ ആപ്പ് വഴി നടത്തി കഴിഞ്ഞാല്‍ നിങ്ങളുടെ ബാങ്ക് ഒരു ഒറ്റത്തവണ പാസ്വേഡ് സൃഷ്ടിക്കുകയും അത് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയയ്ക്കുകയും ചെയ്യും. പണം പിന്‍വലിക്കാന്‍ വെര്‍ച്വല്‍ എടിഎം സേവനവുമായി ബന്ധിപ്പിച്ചിട്ടുള്ള അടുത്തുള്ള കടയില്‍ ഒടിപി കാണിക്കുക. കട ഉടമയില്‍ നിന്ന് നിങ്ങളുടെ പണം നേടുക. നിലവില്‍, ചണ്ഡീഗഡ്, ദില്ലി, ഹൈദരാബാദ്, ചെന്നൈ, മുംബൈ എന്നിവ ഉള്‍പ്പെടുന്ന തിരഞ്ഞെടുത്ത നഗരങ്ങളില്‍ വെര്‍ച്വല്‍ എടിഎം സേവനം ലഭ്യമാണ്. ഈ വര്‍ഷം മെയ് മാസത്തോടെ രാജ്യത്തുടനീളം ഈ സേവനം ആരംഭിക്കാന്‍ കമ്പനി ഒരുങ്ങുകയാണ്.