വലപ്പാട്: വിസ വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ കോയമ്പത്തൂര്‍ സ്വദേശിനി അറസ്റ്റില്‍. അരഗൂര്‍ ഗണപതി ഗാര്‍ഡനില്‍ ശ്യാമള (32) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 5 ലക്ഷം രൂപ വരെ ശമ്പളത്തില്‍ കാനഡയില്‍ ജോലി വാങ്ങി നല്‍കാമെന്നും പറഞ്ഞ് തൃശൂര്‍ സ്വദേശിയില്‍ നിന്ന് 8 ലക്ഷം രൂപ വാങ്ങുകയും തുടര്‍ന്ന് വ്യാജ വിസ നല്‍കിയ സംഭവത്തിലാണ് അറസ്റ്റ്. ഒന്നരവര്‍ഷം മുന്‍പായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തൊഴില്‍ വിസ എന്ന വ്യാജേന വിസിറ്റിങ് വിസയാണ് ശ്യാമള പരാതിക്കാരന് നല്‍കിയിരുന്നത്. എംബസ്സി അധികൃതര്‍ വിസ നിരസിച്ചതോടെയാണ് തട്ടിപ്പ് പുറത്ത് അറിയുന്നത്.
തുടര്‍ന്നാണ് തൃശൂര്‍ സ്വദേശി പരാതിയുമായി പോലീസിനെ സമീപിക്കുന്നത്. അന്വേഷണത്തില്‍ കാനഡ, കംപോഡിയ, അര്‍മേനിയ, അസര്‍ബൈജന്‍ എന്നിവിടങ്ങളിലേക്കു വിസ നല്‍കാമെന്നു പറഞ്ഞാണ് കോയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വ്യാജ സ്ഥാപനം വഴി തട്ടിപ്പ് നടത്തുന്നതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. കേസില്‍ ഇനിയും പ്രതികളുണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.എസ്‌എച്ച് എ കെ.സുമേഷ്, ഇന്‍സ്പെക്ടര്‍ സി.പി.ബിജു പൗലോസ്, എഎസ്‌ഐ എം.കെ.അസീസ്, വനിത സീനിയര്‍ സിപിഒമാരായ ടി.ആര്‍.രജനി, ടെസ്നോ ജോസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.