കല്പറ്റ : ഖത്തറില്‍ ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ ഏജന്‍സി നടത്തിയ അഭിമുഖം കലാശിച്ചത് സംഘര്‍ഷവും കൈയാങ്കളിയിലും. അഭിമുഖം തട്ടിപ്പാണെന്ന് ആരോപിച്ച് ഒരു വിഭാഗം ഉദ്യോഗാര്‍ത്ഥികള്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. കല്‍പ്പറ്റയിലെ സമസ്ത കാര്യാലയത്തില്‍ നടന്ന അഭിമുഖമാണ് വിവാദത്തിലായത്. ഉദ്യോഗാര്‍ത്ഥികളും ഇന്റര്‍വ്യൂ നടത്താനെത്തിയവരും തമ്മില്‍ കൈയ്യാങ്കളിയുമുണ്ടായി.
സ്ഥലത്ത് പോലീസെത്തിയാണ് സംഘര്‍ഷം നിയന്ത്രിച്ചത്. കോഴിക്കോട് വെസ്റ്റ് നടക്കാവിലെ ലോയല്‍ ആന്റ് ഓസ്കാര്‍ ഏജന്‍സി നല്‍കിയ പരസ്യം കണ്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ എത്തിയത്. ഖത്തര്‍ ജിസിസി ഡ്രൈവിംഗ് ലൈസന്‍സുള്ളവര്‍ക്ക് ഖത്തറില്‍ ജോലി ലഭിക്കാന്‍ സുവര്‍ണാവസരമെന്നായിരുന്നു പരസ്യം. സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ നിന്നായി ആയിരത്തോളം പേര്‍ അഭിമുഖത്തിനായെത്തി.
തിങ്കളാഴ്ച രാവിലെ അഭിമുഖം ആരംഭിച്ചപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ പാസ്പോര്‍ട്ട് ഇന്റര്‍വ്യൂ ബോര്‍ഡ് വാങ്ങി വെക്കുകയും അടുത്ത ദിവസം കൊച്ചിയില്‍ മറ്റൊരു ടെസ്റ്റ് നടത്തുമെന്നും ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചു. ഇതിനിടെ സ്ഥലത്തുണ്ടായിരുന്ന ഇടനിലക്കാര്‍ വിസ ലഭിക്കണമെങ്കില്‍ 50000 രൂപ ആവശ്യപ്പെട്ടെന്ന് ആക്ഷേപമുയര്‍ന്നു. വിസയ്ക്ക് പണം വേണ്ടെന്നാണ് പരസ്യത്തില്‍ പറഞ്ഞിരുന്നെന്ന് ഉദ്യോഗാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി. കൂടാതെ വാഗ്ദാനം ചെയ്തതിലും കുറവ് ശമ്പളമാണ് ഇന്റര്‍വ്യൂ സമയത്ത് അറിയിച്ചതെന്നും ഉദ്യോഗാര്‍ത്ഥികള്‍ ആരോപിച്ചു. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
ഇന്റര്‍വ്യൂ നടത്തിയവര്‍ക്ക് അതിനുള്ള അനുമതിയുണ്ടോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് 25 ഓളം ഉദ്യോഗാര്‍ത്ഥികള്‍ കല്‍പ്പറ്റ പോലീസില്‍ പരാതി നല്‍കി. നിലവില്‍ ആര്‍ക്കെതിരെയും കേസെടുത്തിട്ടില്ല. പണം വാങ്ങാന്‍ അനുമതിയുണ്ടോ എന്ന് അന്വേഷിച്ച ശേഷം നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചു. അഭിമുഖത്തിന്റെ രജിസ്‌ട്രേഷന്‍ ഫീസായി 250 രൂപ 150 ഓളം ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് സംഘാടകര്‍ ഈടാക്കിയിരുന്നു. ഇത് തിരിച്ചു കിട്ടാന്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
ലോയല്‍ ആന്‍ഡ് ഓസ്‌കാര്‍ ഏജന്‍സി സംഘടിപ്പിച്ച അഭിമുഖവുമായി ഒരു ബന്ധവുമില്ലെന്ന് സമസ്ത ജില്ലാ കാര്യാലയം അറിയിച്ചു. അഭിമുഖം നടത്താനുള്ള പോലീസ് അനുമതിയടക്കം കാണിച്ചാണ് സംഘാടകര്‍ ഹാള്‍ ആവശ്യപ്പെട്ടത്. സാധാരണ പരിപാടികള്‍ക്ക് നല്‍കുന്നത് പോലെ ഹാള്‍ അനുവദിച്ചു. അഭിമുഖം നടക്കുന്നയിടമായതിനാലാണ് സമസ്ത ഹാളിന്റെ പേര് പരസ്യത്തില്‍ വന്നതെന്നും ജില്ലാ കാര്യാലയം അറിയിച്ചു.