ചെന്നൈ: നടി ലക്ഷ്മി മേനോനുമായി താന്‍ വിവാഹിതനാവുന്നു എന്ന വാര്‍ത്തക്കെതിരെ പ്രതികരണവുമായി നടന്‍ വിശാല്‍. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ചെറുകുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒരു നടി എന്നതിലുപരി ഒരു പെണ്‍കുട്ടിയുടെ പേര് ഈ പ്രചരണങ്ങളില്‍ ഉള്‍പ്പെട്ടതിനാലാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് വിശാല്‍ പറഞ്ഞു. നടി ലക്ഷ്മി മേനോനുമായി വിശാലിനെ ബന്ധപ്പെടുത്തി ചില തമിഴ് മാധ്യമങ്ങളിലാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ഈ വാര്‍ത്തകള്‍ വിശാല്‍ നിഷേധിച്ചു.
സാധാരണയായി തന്നെക്കുറിച്ചുള്ള വ്യാജ വാര്‍ത്തകളോടും കിംവദന്തികളോടും താന്‍ പ്രതികരിക്കാറില്ലെന്ന് വിശാല്‍ പറഞ്ഞു. അതിലൊന്നും ഒരുകാര്യവുമില്ല എന്നുതോന്നിയതിനാലാണത്. എന്നാല്‍ ഇപ്പോള്‍ ലക്ഷ്മി മേനോനുമായുള്ള തന്റെ വിവാഹത്തെക്കുറിച്ചുള്ള കിംവദന്തികള്‍ പ്രചരിക്കുന്നതിനാല്‍ ഇതെല്ലാം പൂര്‍ണ്ണമായും നിഷേധിക്കുന്നു. ഇതൊന്നും സത്യമല്ലെന്നും അടിസ്ഥാനരഹിതവുമാണെന്നും വിശാല്‍ പറഞ്ഞു. ‘എന്റെ പ്രതികരണത്തിന് പിന്നിലെ കാരണം അതില്‍ ഒരു നടി എന്നതിലുപരി ഒരു പെണ്‍കുട്ടി ഉള്‍പ്പെടുന്നു എന്നത് മാത്രമാണ്. നിങ്ങള്‍ ഒരു പെണ്‍കുട്ടിയുടെ സ്വകാര്യ ജീവിതം ആക്രമിക്കുകയും നശിപ്പിക്കുകയും അവളുടെ പ്രതിച്ഛായയെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. വര്‍ഷം, തീയതി, സമയം, ഭാവിയില്‍ ഞാന്‍ ആരെയാണ് വിവാഹം കഴിക്കുന്നത് എന്നിവ ഡീകോഡ് ചെയ്യാന്‍ ഇത് ഒരു ബര്‍മുഡ ട്രയാം?ഗിളല്ല. സമയമാകുമ്പോള്‍ എന്റെ വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കും. ദൈവം അനുഗ്രഹിക്കട്ടെ.’- വിശാല്‍ പറഞ്ഞു.