പത്തനംതിട്ട : സ്വാമി അയ്യപ്പന്റെ പൂങ്കാവനത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാൻ ഇടവേളകളില്ലാത്ത പ്രവർത്തനത്തിലാണ് വിശുദ്ധിസേന. മകരവിളക്കിന് ശേഷമുള്ള ശുചീകരണപ്രവർത്തനങ്ങൾ വിശുദ്ധി സേനയുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം, കുളനട എന്നിവിടങ്ങളിലായി ആയിരം വിശുദ്ധി സേനാംഗങ്ങൾ പ്രവർത്തിക്കുന്നു.
സന്നിധാനത്തും പരിസരത്തുമാണ് ആദ്യം ശുചീകരണം. ദിവസവും 50 ലോഡ് വീതം മാലിന്യങ്ങളാണ് സന്നിധാനത്ത് നിന്ന് നീക്കുന്നത്. സന്നിധാനത്ത് 300 വിശുദ്ധി സേനാംഗങ്ങളാണ് സേവനമനുഷ്ഠിക്കുന്നത്. സന്നിധാനവും പരിസരവും 18 സെക്ടറുകളായി തിരിച്ചാണ് ശുചീകരണം.
രണ്ട് ഷിഫ്റ്റുകളിലായി രാവിലെ ആറ് മണി മുതൽ വൈകിട്ട് ആറ് മണി വരെയും വൈകിട്ട് ആറ് മണി മുതൽ രാവിലെ ആറ് മണി വരെയും ആണ് സേനാംഗങ്ങൾ ശുചീകരണം നടത്തുന്നത്. ശുചീകരണ ഉപകരണങ്ങൾ, തിരിച്ചറിയൽ കാർഡ്, കയ്യുറകൾ, ജാക്കറ്റ്, ചെരിപ്പ് എന്നിവ ഇവർക്ക് ലഭ്യമാക്കിയിട്ടുണ്ട്. 1995ൽ രൂപീകൃതമായ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ ഭാഗമായാണ് ഇവരുടെ പ്രവർത്തനം. ശബരിമല തീർത്ഥാടനത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന ശബരിമല എഡിഎം വിശുദ്ധിസേനയുടെയും മേൽനോട്ടം നിർവഹിക്കുന്നു. ശബരിമല ഡ്യൂട്ടി മജിസ്‌ട്രേറ്റ് ജി.വി. പ്രമോദിന്റെ നിയന്ത്രണത്തിലാണ് വിശുദ്ധി സേനയുടെ പ്രവർത്തനം. ശേഖരിക്കുന്ന മാലിന്യങ്ങൾ അഞ്ച് ട്രാക്ടറുകളിലായി പാണ്ടിത്താവളം ഇൻസിനറേറ്ററിൽ എത്തിച്ചാണ് സംസ്‌കരിക്കുന്നത്.
17 സെക്ടറുകളിലായി 17 സൂപ്പർവൈസർമാരും അഞ്ച് ട്രാക്ടറുകളുടെ ഒരു സൂപ്പർവൈസറും ഉൾപ്പെടെ 18 സൂപ്പർവൈസർമാരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. തമിഴ്‌നാട് സ്വദേശി കോട്ടയ്യനാണ് വിശുദ്ധി സേനാംഗങ്ങളുടെയും ലീഡർ. വിശുദ്ധി സേനാംഗങ്ങളിൽ ഭൂരിഭാഗം പേരും തമിഴ്നാട് സേലം സ്വദേശികളാണ്. തുണിയിൽ പൊതിഞ്ഞ മാലിന്യങ്ങൾ ട്രാക്ടറിൽ കയറ്റി ഇൻസിനറേറ്ററിൽ എത്തിച്ച് സംസ്‌കരിക്കും. അയ്യപ്പഭക്തർ പർണശാല കെട്ടി താമസിച്ചിരുന്ന വനപ്രദേശത്തും മകരവിളക്ക് ദർശിക്കാൻ തമ്പടിച്ചിരുന്ന വിവിധ വ്യൂ പോയിന്റുകളിലെയും മാലിന്യം നീക്കും. വിശുദ്ധി സേനാംഗങ്ങൾക്ക് പ്രത്യേക അപകട സുരക്ഷാ ഇൻഷുറൻസ് പദ്ധതിയും നടപ്പാക്കുന്നുണ്ട്. ജനുവരി 20 രാവിലെ എല്ലാ ശുചീകരണപ്രവർത്തനങ്ങളും പൂർത്തിയാക്കിയ ശേഷമാകും വിശുദ്ധി സേനാംഗങ്ങൾ മടങ്ങുക.