കൊച്ചി: ഇന്ത്യൻ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഓഗസ്റ്റ് 30, 31 തീയതികളിൽ കർശനമായ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കൊച്ചി സിറ്റി പോലീസ് അറിയിച്ചു. രണ്ട് ദിവസങ്ങളിലും ഉച്ചയ്ക്ക് 12:30 മണി മുതൽ വൈകിട്ട് 05:30 മണി വരെയാണ് നിയന്ത്രണങ്ങൾ. ദേശീയപാത 544-ൽ കളമശ്ശേരി SCMS മുതൽ കളമശ്ശേരി ടി.വി.എസ്. (TVS) ജംഗ്ഷൻ വരെയും, മെഡിക്കൽ കോളേജ് റോഡിൽ എച്ച്.എം.ടി. (HMT) ജംഗ്ഷൻ മുതൽ തോഷിബ ജംഗ്ഷൻ വരെയും ഗതാഗത നിയന്ത്രണങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഇതോടൊപ്പം സീപോർട്ട്-എയർപോർട്ട് റോഡിൽ തോശീബ ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള ഭാഗങ്ങളിലും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ഓഗസ്റ്റ് 31-ന് ആലുവയിൽ നിന്നും ഇടപ്പള്ളി, വൈറ്റില, തൃപ്പൂണിത്തുറ, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ആലുവ പറവൂർ കവലയിൽ നിന്നും വലത്തോട്ട് തിരിഞ്ഞ് യു.സി. കോളേജ് ജംഗ്ഷനിൽ എത്തിച്ചേരേണ്ടതാണ്. തുടർന്ന് അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് കടുങ്ങല്ലൂർ – മുപ്പത്തടം റോഡ് വഴി കണ്ടെയ്നർ റോഡിലെത്തി, ചേരാനല്ലൂർ ജംഗ്ഷൻ വഴി ദേശീയപാത 66-ലൂടെ ഇടപ്പള്ളി ഭാഗത്തേക്ക് പോകേണ്ടതാണ്. ഓഗസ്റ്റ് 31-ന് ഉച്ചയ്ക്ക് 12:30 മുതൽ വൈകിട്ട് 05:30 വരെയുള്ള സമയത്താണ് ഈ ക്രമീകരണം ബാധകമായിരിക്കുക.
പെരുമ്പാവൂർ, കിഴക്കമ്പലം, പൂക്കാട്ടുപടി തുടങ്ങിയ മേഖലകളിൽ നിന്നും തൃപ്പൂണിത്തുറ, എറണാകുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ പള്ളിക്കര, കരിമുകൾ, അമ്പലമുകൾ റോഡ് വഴി ഇരുമ്പനം ജംഗ്ഷനിൽ എത്തി അവിടെനിന്നും യാത്ര തുടരേണ്ടതാണ്. ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന പ്രധാന റോഡുകളുടെ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും വഴിയോര കച്ചവടങ്ങൾ നടത്തുന്നതും പൂർണ്ണമായി നിരോധിച്ചു. കളമശ്ശേരി എസ് സി എം എസ് ജങ്ഷൻ മു തൽ കളമശ്ശേരി ടി.വി.എസ്. ജംഗ്ഷൻ വരെയുള്ള റോഡ്, കളമശ്ശേരി എച്ച്.എം.ടി. റോഡ്, മെഡിക്കൽ കോളേജ് റോഡ്, തോശീബ ജംഗ്ഷൻ മുതൽ ഇൻഫോപാർക്ക് വെസ്റ്റ് ഗേറ്റ് വരെയുള്ള സീപോർട്ട്-എയർപോർട്ട് റോഡ്, ചിത്രപ്പുഴ പാലം വഴി പോകുന്ന റോഡുകൾ എന്നിവയാണ് ഈ നോ-പാർക്കിംഗ് പരിധിയിൽ വരുന്നത്.































