കൊച്ചി : കൊവിഡ് പരിശോധനയ്ക്ക് രോഗികളില്‍ നിന്ന് സാംപിള്‍ ശേഖരിക്കുമ്പോള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സുരക്ഷാ ഭീഷണി ഉണ്ടാകാതിരിക്കാന്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് വികസിപ്പിച്ചെടുത്ത വാക്ക് ഇന്‍ സാപിള്‍ കിയോസ്ക് അഥവാ ‘വിസ്ക്’ എന്ന സംവിധാനം തമിഴ്നാട്ടിലേക്കും അയച്ചു തുടങ്ങി. തമിഴ്നാട്ടില്‍ കൊവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചതോടെ വിസ്ക്കുകള്‍ എത്തിച്ച് പരിശോധന വ്യാപകമാക്കാനാണ് തീരുമാനം.
കൊവിഡ് ലക്ഷണങ്ങള്‍ ഉള്ള ആളുകളുടെ സാംപിള്‍ ശേഖരിക്കുമ്പോള്‍ വില കൂടിയ പിപിഇ കിറ്റ് ഒഴിവാക്കാനാണ് പുതിയ സംവിധാനമായ വിസ്ക് വിസകിപ്പിച്ചെടുത്തത്. ഈ കിയോസ്ക്കുകളില്‍ സാംപിള്‍ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും സുരക്ഷക്കാവശ്യമായ സംവിധാനങ്ങളെല്ലമുണ്ട്.
സംസ്ഥാനം മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗം ടി. കെ ഷാജഹാന്‍റെ നേതൃത്വത്തിലാണ് ആദ്യം ഇത് നിര്‍മ്മിച്ചത്. ഇതറിഞ്ഞ തമിഴ്നാട്ടിലെ മൂന്നു ജില്ലാ കളക്ടര്‍മാര്‍ കിയോസ്ക്കുകള്‍ നിര്‍മ്മിച്ചു നല്‍കണമെന്നാവശ്യപ്പെടുകയും ആദ്യഘട്ടത്തില്‍ പതിനെട്ട് കിയോസ്ക്കുകള്‍ നിര്‍മ്മിച്ച് തമിഴ്നാട്ടിലേക്ക് അയക്കുകയും ചെയ്തു. തിരുവണ്ണാമലൈ, തേനി, വെല്ലൂര്‍ എന്നീ ജില്ലകളിലെ ആശുപത്രകളിലായിരിക്കും ആദ്യം ഇവ സ്ഥാപിക്കുക.