കണ്ണൂര്‍ : ഒന്നര വയസ്സുകാരന്‍ വിയാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതി ശരണ്യയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. മകനെ കൊന്നതെങ്ങനെയെന്ന് യാതൊരു കൂസലുമില്ലാതെ ശരണ്യ പോലീസിന് വിവരിച്ചുകൊടുത്തു . വിയാനെ കൊലപ്പെടുത്തിയത് അമ്മ ശരണ്യ ഒറ്റയ്‌ക്കെന്ന് പോലീസ്. ഭര്‍ത്താവ് പ്രണവിനോ കാമുകനോ കൊലപാതകത്തില്‍ പങ്കില്ലെന്ന് പോലീസ് വ്യക്തമാക്കി. ചോദ്യം ചെയ്യലിന് ശേഷം ഇരുവരെയും പോലീസ് വിട്ടയച്ചു.
തുടര്‍ന്ന് ശരണ്യയെ വീട്ടിലെത്തിച്ച് പോലീസ് തെളിവെടുത്തു. വീട്ടിനകത്തും കുട്ടിയെ കൊലപ്പെടുത്തിയ കടല്‍ത്തീരത്തെ കരിങ്കല്‍ക്കെട്ടിനടുത്തും കൊണ്ടുപോയി തെളിവെടുത്തു. വീട്ടിനകത്തുവെച്ചും കുട്ടിയെ കൊലപ്പെടുത്തിയതും ശരണ്യ ഭാവവ്യത്യാസമില്ലാതെ പോലീസിനോട് വിവരിച്ചു. വീട്ടിനകത്തെത്തിച്ച ശരണ്യയോട് അവരുടെ അമ്മയും രോഷം പ്രകടിപ്പിച്ചു. തുടര്‍ന്ന് പോലീസ് ശരണ്യയെ സംരക്ഷിച്ച് നിര്‍ത്തുകയായിരുന്നു.
തെളിവെടുപ്പിനായി ശരണ്യയെ വീട്ടിലെത്തിച്ചപ്പോള്‍ ആക്രോശങ്ങളുമായി നാട്ടുകാര്‍ പാഞ്ഞടുത്തു. ഒരു നിമിഷം വിട്ടു തന്നാല്‍ ഞങ്ങള്‍ അവളെ ശരിയാക്കാമെന്ന് സ്ത്രീകള്‍ ആക്രോശിച്ചു. തിരിച്ചു നാട്ടിലെത്തിയാല്‍ കുട്ടിയെ കൊന്ന അവിടെ തന്നെ അവളെയും കൊല്ലുമെന്നും സ്ത്രീകള്‍ രോഷത്തോടെ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് പ്രണവ്-ശരണ്യ ദമ്പതികളുടെ ഒന്നര വയസ്സുകാരന്‍ മകന്‍ വീയാനെ തയ്യില്‍ കടപ്പുറത്തെ കരിങ്കല്‍ക്കെട്ടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് പോലീസ് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് അമ്മയാണ് കൊലപാതകിയെന്ന് തെളിഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് ശരണ്യ വെളിപ്പെടുത്തിയത്.