കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യം ലഭിച്ചതിന് പിന്നാലെ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഇബ്രാഹീം കുഞ്ഞ് കളമശ്ശേരിയില്‍ സജീവം. അഴിമതിയാരോപണങ്ങളില്‍ കുടുങ്ങിയിരിക്കു കയാണെങ്കിലും മുസ്‌ളീം ലീഗ് പ്രാദേശിക നേതൃത്വത്തിന്റെ ശക്തമായ പിന്തുണയോടെ വീണ്ടും മത്സരത്തിനൊരുങ്ങുകയാണ് ഇബ്രാഹീം കുഞ്ഞ്. അഴിമതിയാരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും വിജയത്തിലൂടെയേ അത് മറികടക്കാനാകൂ എന്നുമാണ് വിലയിരുത്തല്‍.
വിവാദത്തില്‍ കുടുങ്ങിയ പശ്ചാത്തലത്തില്‍ ഇബ്രാഹീം കുഞ്ഞിനെ മത്സര രംഗത്ത് നിന്നും മാറ്റി നിര്‍ത്താന്‍ ലീഗില്‍ ആവശ്യം ഉയര്‍ന്നിട്ടുണ്ടെങ്കിലും പ്രാദേശിക നേതൃത്വം ശക്തമായി സിറ്റിംഗ് എംഎല്‍എയ്ക്ക് പിന്നില്‍ നില്‍ക്കുകയാണ്. അഴിമതിക്കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ ഇബ്രാഹീം കുഞ്ഞ് മണ്ഡലത്തിലെ പരിപാടികളില്‍ സജീവമാകുകയും ചെയ്തു. എംഎല്‍എ തന്നെ മത്സരിച്ചാലേ മണ്ഡലം നിലനിര്‍ത്താന്‍ കഴിയൂ എന്നും അഴിമതിയാരോപണങ്ങള്‍ക്ക് മറുപടി നല്‍കേണ്ടത് വിജയത്തിലൂടെയാണെന്നുമാണ് മുസ്ലീംലീഗ് പ്രാദേശിക നേതാക്കളുടെ വിലയിരുത്തല്‍. വിവാദങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും ജനങ്ങളെ കാര്യങ്ങള്‍ പറഞ്ഞ് ബേദ്ധ്യപ്പെടുത്താനാകുമെന്നുമാണ് അവരുടെ വിശ്വാസം.
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ ഇബ്രാഹിംകുഞ്ഞ്, ശാരീരിക അവശതകള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം നേടിയത്. അങ്ങിനെയൊരാള്‍ വീണ്ടും മത്സരരംഗത്തേക്ക് വരുമ്പോള്‍ അത് പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലാക്കുമോ എന്ന ആശങ്ക അതേസമയം കോണ്‍ഗ്രസിലും ലീഗിലുമുണ്ട്. ഇബ്രാഹീം കുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കുന്നതില്‍ ലീഗ് നേതൃത്വത്തിന് പരാതികള്‍ നേരത്തേ പോയിരുന്നു. എന്നാല്‍ വിജിലന്‍സ് കേസുകളുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മത്സരത്തിനായി കച്ച മുറുക്കുമ്പോള്‍ ഇബ്രാഹീം കുഞ്ഞിനെ മാത്രം ക്രൂശിക്കേണ്ടതില്ലെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
ഇബ്രാഹിംകുഞ്ഞ് വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുമ്പോള്‍ പാലാരിവട്ടം അഴിമതിക്കഥകളെ വീണ്ടും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ പ്രതിരോധിക്കേണ്ടി വരുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. കളമശ്ശേരിയില്‍ ഇബ്രാഹിംകുഞ്ഞ് മത്സരിക്കാനുണ്ടാവില്ലെന്ന വിശ്വാസത്തില്‍ സീറ്റ് തിരിച്ചുപിടിക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍ പാഷയെ സ്ഥാനാര്‍ഥിയാക്കാന്‍ യു.ഡി.എഫ്. നേതൃത്വം ആലോചിക്കുന്നുണ്ട്. പുനലൂര്‍ സീറ്റാണ് നല്‍കാന്‍ ഒരുങ്ങിയിട്ടുള്ളതെങ്കിലും അദ്ദേഹം താല്‍പ്പര്യപ്പെടുന്ന സീറ്റ് കളമശ്ശേരിയാണെന്നാണ് റിപ്പോര്‍ട്ടുകളും. കളമശ്ശേരിയില്‍ പിടിമുറുക്കുന്നതിലൂടെ മകനും ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ വി.ഇ അബദുള്‍ ഖഫൂറിന് സീറ്റ് ഉറപ്പിക്കാനുള്ള നീക്കമാണെന്ന ആരോപണവും ശക്തമാണ്.