കൊച്ചി : പോണേക്കരയിലെ ഫ്ലാറ്റില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കഴിഞ്ഞ ഫെബ്രുവരി 28നാണ് കണ്ണൂര്‍ സ്വദേശിനിയും വ്‌ലോഗറുമായ നേഹയെ (27) മരിച്ച നിലയില്‍ കണ്ടെത്തിയത്. നേഹക്കൊപ്പം താമസിച്ചിരുന്ന യുവാവിനെ പോലീസ് തിരയുകയാണ്. ഭര്‍ത്താവില്‍നിന്ന് അകന്നു കഴിയുകയായിരുന്ന ഇവര്‍ ആറു മാസം മുന്‍പ് കൊച്ചിയില്‍ എത്തിയതെന്നാണു വിവരം.
മറ്റൊരു യുവാവുമായി അടുപ്പത്തിലായതോടെ വിവാഹം കഴിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഇയാള്‍ നാട്ടില്‍ പോയതിനു ശേഷം വിവാഹത്തില്‍നിന്നു പിന്‍മാറി. ഇതറിഞ്ഞ ശേഷമാണ് യുവതി മരിച്ചതെന്നു സംശയിക്കുന്നതായി സുഹൃത്തുക്കളില്‍ ചിലര്‍ പറയുന്നു. ഇവര്‍ ആത്മഹത്യ ചെയ്യുമെന്നു കാണിച്ച് സുഹൃത്തുക്കളില്‍ ചിലര്‍ക്ക് അയച്ച സന്ദേശം പോലീസ് കണ്ടെടുത്തു. സ്ഥലത്തെത്തിയ സുഹൃത്തുക്കളില്‍ ഒരാളാണു വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നതും വിവരം മറ്റുള്ളവരെ അറിയിച്ചതും. ഇതിനിടെ കറുത്ത കാറില്‍ സ്ഥലത്തെത്തിയ മൂന്നു യുവാക്കളെ സംശയം തോന്നി നടത്തിയ പോലീസ് പരിശോധനയില്‍ 15 ഗ്രാം എംഡിഎംഎ കണ്ടെത്തി.
യുവതി മരിച്ചു കിടന്ന ഫ്ലാറ്റില്‍ നടത്തിയ പരിശോധനയിലും ലഹരിമരുന്ന് കണ്ടെത്തിയതായാണു വിവരം. കാറിലുണ്ടായിരുന്ന ഒരാള്‍ക്കെതിരെ മാത്രമാണു കേസെടുത്തിരിക്കുന്നത്. മറ്റ് രണ്ടു പേരെ വിട്ടയച്ച പോലീസ് അവര്‍ക്ക് ലഹരി ഇടപാടില്‍ പങ്കില്ലെന്നു കണ്ടാണു വിട്ടയച്ചതെന്ന് വിശദീകരണം നല്‍കി. ഫ്ലാറ്റില്‍ സ്ഥിരമായി ലഹരി വില്‍പന നടന്നതായും അസമയത്ത് ആളുകള്‍ വന്നു പോയിരുന്നതായും സമീപവാസികള്‍ പറയുന്നു.