ന്യൂഡല്‍ഹി: ഏറെ നാളായി കാത്തിരുന്ന വോളണ്ടറി വെഹിക്കിള്‍ സ്‌ക്രാപ്പേജ് പോളിസി കേന്ദ്ര ബഡ്‌ജറ്റില്‍ പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗ കാലാവധി 20 വര്‍ഷത്തേക്കും, വാണിജ്യ വാഹനങ്ങളുടെത് 15 വര്‍ഷത്തേക്കും നിജപ്പെടുത്തുന്നതാണ് പ്രസ്‌തുത പോളിസി. വാഹനമലിനീകരണം, ഇന്ധന ഇറക്കുമതി, വിലവര്‍ദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസര്‍ക്കാരിന്റെ നീക്കം. പദ്ധതിയുടെ വിശദവിവരങ്ങള്‍ കേന്ദ്ര ഗതാതമന്ത്രാലയം ഉടന്‍ പുറത്തുവിടും.
2022 ഏപ്രില്‍ ഒന്നു മുതല്‍ പദ്ധതി പ്രാബല്യത്തില്‍ വരും. കഴിഞ്ഞ അഞ്ചുവര്‍ഷമായി സര്‍ക്കാരിന്റെ സജീവപരിഗണനയിലുള്ള വിഷയമായിരുന്നെങ്കിലും വരുമാനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയില്‍ നീട്ടികൊണ്ടുപോവുകയായിരുന്നു. രാജ്യത്തെ വാഹനമലിനീകരണത്തിന്റെ 65 ശതമാനവും വാണിജ്യവാഹനങ്ങളില്‍ നിന്നുണ്ടാകുന്നതാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ കണക്ക്.