തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ഛര്‍ദിച്ചത് പെണ്‍കുട്ടിയെയും സഹോദരിയെയും തടഞ്ഞുവെച്ച് ജീവനക്കാര്‍ കഴുകിച്ചതായി ആരോപണം. ആശുപത്രിയില്‍ പോയി തിരിച്ചുവരുകയായിരുന്ന സഹോദരിമാര്‍ക്കാണ് കെഎസ്ആര്‍ടിസി ബസിനുള്ളില്‍ ദുരനുഭവമുണ്ടായത്. കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന മറ്റൊരു ഡ്രൈവറുടെ മക്കള്‍ക്കാണ് ദുരനുഭവം ഉണ്ടായത്. ഇന്നലെ വൈകിട്ടു മൂന്നിന് തിരുവനന്തപുരം വെള്ളറട ഡിപ്പോയിലായിരുന്നു സംഭവം നടന്നത്. നെയ്യാറ്റിന്‍കര ഡിപ്പോയിലെ ആര്‍എന്‍സി 105 -ാം നമ്പര്‍ ചെമ്പൂര് വെള്ളറട ബസിലാണു പെണ്‍കുട്ടി ഛര്‍ദിച്ചത്. സംഭവം അറിഞ്ഞതിനെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ കയര്‍ത്തു സംസാരിച്ചെന്നു പെണ്‍കുട്ടികള്‍ പറഞ്ഞു.
വെള്ളറട ഡിപ്പോയില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഇരുവരും ഇറങ്ങുന്നതിനു മുന്‍പു തന്നെ ഡ്രൈവര്‍ പെണ്‍കുട്ടികളോടു ‘വണ്ടി കഴുകിയിട്ടിട്ട് പോയാല്‍ മതി ‘എന്നു പറയുകയായിരുന്നു. തുടര്‍ന്നു സമീപത്തെ വാഷ്‌ബെയ്‌സിനില്‍ നിന്നും കപ്പില്‍ വെള്ളം പിടിച്ച് ബസിലെത്തി ഇരുവരും ചേര്‍ന്നു കഴുകി വൃത്തിയാക്കി. തുടര്‍ന്നാണ് ഇവരെ പോകാന്‍ അനുവദിച്ചത്.