ന്യൂഡല്‍ഹി : കൃത്രിമങ്ങളും ഇരട്ടിപ്പും ഒഴിവാക്കാന്‍ വോട്ടര്‍ പട്ടിക ആധാറുമായി ബന്ധിപ്പിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം പരിഗണനയിലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരേ വോട്ടറുടെ പേര് പലയിടങ്ങളില്‍ നിന്ന് ചേര്‍ക്കപ്പെടുന്നത് തടയുക ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശമെന്ന് നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് ലോക്സഭയില്‍ അറിയിച്ചു.
നിലവിലുള്ള വോട്ടര്‍മാരുടെയും പേര് ചേര്‍ക്കാന്‍ അപേക്ഷിക്കുന്നവരുടെയും ആധാര്‍ നമ്പര്‍ ആവശ്യപ്പെടാന്‍ കഴിയുംവിധം ജനപ്രാതിനിധ്യ നിയമം ഭേദഗതി ചെയ്യണമെന്നും കമ്മീഷന് 2019ല്‍ മുന്പോട്ട് വെച്ച നിര്‍ദേശത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ ദേശീയ വോട്ടര്‍പട്ടിക പരിശോധന പദ്ധതിയുടെ ഭാഗമായി ആധാര്‍ നമ്പറുകള്‍ ശേഖരിക്കാന്‍ കമ്മീഷന് ശ്രമിച്ചെങ്കിലും 2015ലെ ഒരു വിധിയിലൂടെ സുപ്രീംകോടതി തടഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നിയമ ഭേദഗതി നിര്‍ദേശം അവര്‍ മുന്നോട്ടുവെച്ചത്.