ന്യൂഡൽഹി : വിപിവിവി നിക്ഷേപത്തട്ടിപ്പിൽ ഒന്നരക്കോടി രൂപ നഷ്ടപ്പെട്ടെന്ന പരാതി ഡൽഹിയിൽ ഒത്തുതീർപ്പാക്കി. ഇതോടെ കേസിൽ അറസ്റ്റിലായ വെങ്കിട്ട വെങ്കിട്, രാഹുൽ രാജീവ് നായർ, ഹിതേഷ് കുമാർ എന്നിവർക്കു ഡൽഹി പട്യാല ഹൗസ് കോടതി ജാമ്യം അനുവദിച്ചു. ഇൻഡോ–യുഎസ് പസഫിക് പീസ് ട്രീറ്റിയുടെ ഭാഗമായി സാങ്കേതിക ഉപകരണങ്ങളുടെ നിർമാണക്കരാർ നൽകാമെന്നു വാഗ്ദാനം ചെയ്ത് 1.5 കോടി രൂപ തട്ടിയെന്നാരോപിച്ചു ബെംഗളൂരുവിലെ എസ്ആർഐടി ഇന്ത്യ ലിമിറ്റഡ് ഡയറക്ടർ മധു നമ്പ്യാർ നൽകിയ പരാതിയിലാണ് ഇത്. 2 കോടി രൂപ നഷ്ടപരിഹാരമായി നൽകാമെന്ന വ്യവസ്ഥയിൽ പരാതി ഒത്തുതീർപ്പാക്കിയെന്നു പരാതിക്കാരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.
ജാമ്യം നൽകുന്നതിൽ എതിർപ്പില്ലെന്ന് പോലീസും പറഞ്ഞു. അതോടെ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് ഭവ്യ കരായിൽ വെങ്കിട് ഉൾപ്പെടെയുള്ളവർക്കു ജാമ്യം അനുവദിച്ചു. ഒത്തുതീർപ്പു വ്യവസ്ഥയുടെ ഭാഗമായി ഒരു കോടി രൂപ തങ്ങളുടെ ബാങ്ക് അക്കൗണ്ടിലേക്കു വിവിപിപി കമ്പനി കൈമാറിയെന്നു പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. അടുത്ത ആഴ്ച ബാക്കി തുക കിട്ടിയ ശേഷം കേസ് പിൻവലിക്കാൻ ഡൽഹി ഹൈക്കോടതിയിൽ അപേക്ഷ നൽകും. വെങ്കിട്ട് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷ എതിർക്കുന്നില്ലെന്നാണു പബ്ലിക് പ്രോസിക്യൂട്ടറും അന്വേഷണ ഉദ്യോഗസ്ഥൻ അശോക് അഹ്‌ലാവത്തും ഇന്നലെ കോടതിയിൽ പറഞ്ഞത്.
ഒട്ടേറെപ്പേരെ ഇനിയും പിടികിട്ടാനുണ്ടെന്നും അറസ്റ്റിലായവർക്ക് ജാമ്യം നൽകരുതെന്നുമായിരുന്നു കഴിഞ്ഞ ദിവസം പോലീസിന്റെ നിലപാട്. രണ്ടു ലക്ഷം രൂപ വീതം കെട്ടിവയ്ക്കണമെന്ന വ്യവസ്ഥയിലാണ് 3 പേർക്കും ജാമ്യം നൽകിയത്. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, ഭീഷണിപ്പെടുത്തരുത്. നിലവിലെ വിലാസത്തിൽ നിന്നു മാറിയാൽ കോടതിയെ അറിയിക്കണം. വെങ്കിട്ട വെങ്കിട് ഉൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിക്കരുതെന്ന നിക്ഷേപത്തട്ടിപ്പിലെ മറ്റൊരു പരാതിക്കാരനായ എ.എം.മുനീറിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇതിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കുമെന്ന് മുനീറിന്റെ അഭിഭാഷകൻ പറഞ്ഞു. അതിനിടെ, വിപിവിവി നിക്ഷേപത്തട്ടിപ്പിന് ഇരയായവർ ഡൽഹി ജന്തർ മന്തറിൽ സമരത്തിനിറങ്ങുമെന്ന് അറിയിച്ചു.
































